Skip to main content

കാസര്‍ഗോഡ്, പാലക്കാട്‌ ജില്ലകളില്‍ നിന്ന്‍ കഴിഞ്ഞ മാസം പശ്ചിമേഷ്യയിലേക്ക് പോയ 15 യുവാക്കളെ കാണാനില്ല. സ്ത്രീകളടക്കമുള്ള ഇവര്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.  

 

സംഭവം ഉടന്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. കാസര്‍ഗോഡ്‌ എം.പി പി. കരുണാകരനാണ് യുവാക്കളുടെ തിരോധാനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

 

ഐ.എസില്‍ ചേര്‍ന്നതായും ഇനി തിരിച്ചുവരില്ലെന്നും രണ്ട് യുവാക്കളില്‍ നിന്ന്‍ കുടുംബാംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താന്‍ ആയിട്ടില്ല.

 

കാണാതായവരില്‍ 11 പേര്‍ കാസര്‍ഗോഡ്‌ പടന്ന സ്വദേശികളും മറ്റ് നാല് പേര്‍ പാലക്കാട്‌ സ്വദേശികളുമാണ്. രണ്ട് പേരുടെ ഭാര്യമാരും അതില്‍ ഒരാളുടെ പെണ്‍കുട്ടിയും കാണാതായവരില്‍ പെടുന്നു. എല്ലാവരും 30 വയസിന് താഴെയുള്ളവരും ഉന്നതവിദ്യാഭ്യാസം ലഭിച്ചവരുമാണ്.