Skip to main content
തിരുവനന്തപുരം

ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നില്‍ പാര്‍ട്ടിയ്ക്കകത്തെ ഒറ്റുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. 1996-ൽ മാരാരിക്കുളത്ത് തന്നെ തോൽപ്പിക്കാൻ ഒറ്റിക്കൊടുത്ത ടി.കെ.പളനി അടക്കമുള്ളവർക്ക് ഇതിൽ പങ്കുള്ളതായി സംശയമുണ്ടെന്ന് വി.എസ് ആരോപിച്ചു. അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വി.എസിന്റെ നിലപാടുകള്‍ തള്ളി.

 

സ്മാരകം തകർത്ത സംഭവത്തിൽ പാർട്ടിക്കുണ്ടായ വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും  പാർട്ടി തെറ്റുതിരുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് എന്ന് വി.എസ് രണ്ടുദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു.

 

എന്നാല്‍, വി.എസിന്റെ നിലപാടുകള്‍ ആശയകുഴപ്പമുണ്ടാക്കുന്നതായി ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടി സെക്രട്ടറിയേറ്റ് ശരിവെക്കുകയും ചെയ്തു.

 

സ്മാരകം തകര്‍ത്ത സംഭവത്തിനു പിന്നില്‍ സി.പി.ഐ.എമ്മിലെ ഗ്രൂപ്പുവഴക്കാണെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ വി.എസ് ഗ്രൂപ്പുകാരായി അറിയപ്പെടുന്നവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്നത് വ്യാജ പ്രചരണമാണെന്ന്‍ വി.എസ് പറഞ്ഞു.

 

വി.എസിന്റെ  ഗ്രൂപ്പ് പ്രവര്‍ത്തനം തടഞ്ഞതിലുള്ള വിരോധം കൊണ്ടാണ് അദ്ദേഹം തനിക്കു നേരെ ആരോപണം ഉന്നയിക്കുന്നതെന്ന്‍ ടി.കെ പളനി പ്രതികരിച്ചു. വി.എസിന്റെ ആരാധകരാണ് സ്മാരകം തകര്‍ത്തതെന്നും വി.എസിന് കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന്‍ സംശയിക്കുന്നതയും പളനി ആരോപിച്ചു.