ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍. വിജിലൻസ് ലീഗൽ അഡ്വൈസറുടെ ഇത് സംബന്ധിച്ച നിയമോപദേശമടക്കം ആരോപണത്തില്‍ ത്വരിത പരിശോധന നടത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിൻലസ് ഡയറക്ടർക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
വിഷയത്തില്‍ സര്‍ക്കാറിന്റെ അഭിപ്രായം തേടാതെ വിജിലന്‍സിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് നേരത്തെ ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. പൂട്ടിയ ബാറുകൾ തുറക്കാൻ മാണി അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടതായും ഒരു കോടി രൂപ വാങ്ങിയതായും ഉള്ള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ ആരോപണമാണ് വിജിലൻസ് അന്വേഷിച്ചത്.
ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന്‍ സംഭവത്തില്‍ അന്വേഷണത്തിന് മുന്നോടിയായി ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ സര്‍ക്കാര്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. മാണിയുടെ വീട്ടില്‍ കോഴപ്പണം എത്തിച്ചതായി ബിജു രമേശിന്റെ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.