മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഉന്നതതലയോഗം വിളിക്കും. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയാണ് വ്യാഴാഴ്ച തീരുമാനം അറിയിച്ചത്. കേരളത്തോടും തമിഴ്‌നാടിനോടും ഈ വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ഇതുകൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുകയെന്ന്‍ ഉമാ ഭാരതി പറഞ്ഞു.
അതേസമയം, വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വൈഗാ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തിയിട്ടുണ്ട്. നിലവിലെ ജലനിരപ്പ് 141.8 അടിയാണ്. ഇത് സുപ്രീം കോടതി വിധിപ്രകാരമുള്ള പരമാവധി ജലനിരപ്പായ 142 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരത്തെ അറിയിച്ചിരുന്നു.

