Skip to main content
തിരുവനന്തപുരം

 

അട്ടപ്പാടിയില്‍ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക ഏകോപന സമിതിയെ നിയമിക്കുമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ പദ്ധതികളുടെ ഏകോപനത്തിന് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹിനെ സ്പെഷല്‍ ഓഫീസറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ.സി ജോസഫ് ബുധനാഴ്ച അറിയിച്ചു.

 

അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക്കിന് കീഴിലെ മൂന്ന് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ പാലക്കാട് എം.പി എം.ബി രാജേഷ്‌ എന്നിവരടങ്ങുന്നതാണ് അവലോകന സമിതി. ഓരോ മാസവും സമിതി യോഗം ചേര്‍ന്ന് പദ്ധതികള്‍ വിലയിരുത്തും.

 

അട്ടപ്പാടിയില്‍ ആദിവാസി ശിശുമരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ മന്ത്രിതല സംഘം കഴിഞ്ഞ ദിവസങ്ങളില്‍ മേഖല സന്ദര്‍ശിച്ചിരുന്നു. പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച വന്നതായും ഇന്നലെ മന്ത്രി കെ.സി ജോസഫ് പറഞ്ഞിരുന്നു.   

 

അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ നടത്തിവന്ന നിരാഹാര സമരം സി.പി.ഐ നേതാവ് ഈശ്വരി രേശന്‍ അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി കെ.സി ജോസഫ് ഉറപ്പ് തന്നതായും ഇത് ലംഘിച്ചാല്‍ സമരം തുടരുമെന്നും സി.പി.ഐ പറഞ്ഞു. സമാന വിഷയത്തില്‍ എം.ബി രാജേഷ്‌ നടത്തുന്ന നിരാഹാര സമരം തുടരണോ എന്ന കാര്യത്തില്‍ ഇന്ന്‍ വൈകിട്ട് ചേരുന്ന സി.പി.ഐ.എം നേതൃയോഗം തീരുമാനമെടുക്കും.

 

പാലക്കാട് ഡെപ്യൂട്ടി ഡി.എം.ഒയുടെ പൂര്‍ണ സമയസേവനം അട്ടപ്പാടിയില്‍ ലഭ്യമാക്കുമെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ നല്‍കും. അരിക്കൊപ്പം ഇവര്‍ക്കാവശ്യമായ റാഗിയും റേഷന്‍ കടകള്‍ വഴി നല്‍കും. കുടിവെള്ള പ്രശ്നം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

 

തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് അട്ടപ്പാടി മേഖലയില്‍ 200 ദിവസം തൊഴില്‍ നല്‍കുമെന്ന് മന്ത്രി കെ.സി ജോസഫ് അറിയിച്ചു. നിലവില്‍ ഇത് 100 ദിവസമാണ്. പ്രധാനമന്ത്രി ഗ്രാമീണ സഠക് യോജനയില്‍ അനുവദിച്ച 16 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. 74 കോടി രൂപയാണ് ഈ റോഡുകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗനവാടികള്‍ക്കു കെട്ടിടം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags