അടച്ചുപൂട്ടിയ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കാന്‍ ധനമന്ത്രി കെ.എം മാണി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ഇന്ന്‍ തുടങ്ങുന്നു. അതേസമയം, വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാട് സി.പി.ഐ.എം കേന്ദ്രനേതൃത്വം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് വി.എസ് ഉയര്‍ത്തിയിട്ടുള്ളത്.
ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാനുള്ള തെളിവെടുപ്പാണ് വിജിലന്‍സ് നടത്തുക. കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോ, പണം കൊടുത്തിട്ടുണ്ടോ, അതിന്റെ പേരില്‍ എന്തെങ്കിലും ആനുകൂല്യം നല്‍കിയോ, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്ന കാര്യങ്ങളാണ് പരിശോധിക്കുക. 45 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കി ആവശ്യമെന്ന് കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മില്‍ വീണ്ടും വി.എസ് അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന നേതൃത്വവും രണ്ട് തട്ടിലാണ്. സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യത്തിന് പകരം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന നിലപാടാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും.
കേരള പോലീസിനെക്കാള്‍ ദുഷ്‌പേര് കേള്‍പ്പിച്ച ഏജന്‍സിയാണ് സി.ബി.ഐ എന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട്. ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് പാര്‍ട്ടി പിന്നീട് തിരുമാനിക്കുമെന്നും പിണറായി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
മന്ത്രി കെ.എം മാണി ഉള്‍പ്പെട്ട സംസ്ഥാന ഭരണത്തിന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു.
അതേസമയം, വി.എസ് കത്തുവഴി ആവശ്യപ്പെട്ടതനുസരിച്ച് കൂടിയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഇപ്പോഴത്തെ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം രാഷ്ട്രീയ അടവാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍ ഒന്നിന് നിലവാരമില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും മാണിയുടെ പാലായിലെ വസതിയില്‍ വെച്ച് ഒരു കോടി രൂപ നല്‍കിയെന്നുമാണ് ബാര്‍ ഉടമയും അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് വെള്ളിയാഴ്ച രാത്രി ആരോപിച്ചത്. ഇത് നിഷേധിച്ച കെ.എം.മാണി ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും മാണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.