അടച്ചുപൂട്ടിയ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കാന്‍ ധനമന്ത്രി കെ.എം മാണി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണം തള്ളി സര്‍ക്കാറും കെ.പി.സി.സിയും. ആരോപണം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാണിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും അഭിപ്രായപ്പെട്ടു.
ഏപ്രില്‍ ഒന്നിന് നിലവാരമില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും മാണിയുടെ പാലായിലെ വസതിയില്‍ വെച്ച് ഒരു കോടി രൂപ നല്‍കിയെന്നും ബാര്‍ ഉടമയും അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് വെള്ളിയാഴ്ച രാത്രി ആരോപിച്ചിരുന്നു. വി.എം. സുധീരന്‍ ഇടപെട്ട് ബാര്‍ലൈസന്‍സ് പുതുക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക നല്‍കിയാലും ഫലമില്ലെന്ന് വ്യക്തമായത് കൊണ്ടാണ് ബാക്കി തുക പിന്നീട് നല്‍കാതിരുന്നതെന്നും ബിജു രമേശ് പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് തനിക്ക് വ്യക്തമായി അറിയുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നതാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരെങ്കിലും കെട്ടിച്ചമച്ചതാണോ ഈ ആരോപണം എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു. മാണിയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ അത് ജനം വിശ്വസിക്കില്ലെന്ന്‍ മുഖ്യമന്ത്രിയും മാണിയുടെ അഭിമാനകരമായ രാഷ്ട്രീയ പാരമ്പര്യമാണ് നമ്മള്‍ കണക്കിലെടുക്കേണ്ടതെന്ന്‍ വി.എം സുധീരനും പറഞ്ഞു.
ആരോപണം മാണി വിശദീകരിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ പ്രസ്താവനയെ തെറ്റായിപ്പോയെന്ന്‍ ഇരുനേതാക്കളും പറഞ്ഞു. പ്രതാപനെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും നിയന്ത്രിക്കാന്‍ തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണിക്കെതിരായുള്ള ആരോപണം അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മാണിക്ക് മന്ത്രിസഭയിൽ തുടരാൻ അവകാശം നഷ്ടമായിരിക്കുകയാണെന്നും വി.എസ് പറഞ്ഞു. ആരോപണം പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആകില്ലെന്നും എന്നാല്‍, മാണിയ്ക്ക് എതിരെ മാത്രമല്ല, ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതികളില്‍ മുഖ്യമന്ത്രിയുടേയും എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റേയും സര്‍ക്കാറിന്റേയും പങ്കെന്താണ് എന്ന സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്ന്‍ പിണറായി പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്നു വന്ന കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ.എം.മാണി പ്രതികരിച്ചു. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ആരോപണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും കെ.എം മാണി പറഞ്ഞു.
ഗൂഢാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് എ വിഭാഗമാണെന്നും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണ് ബിജു രമേശ് സംസാരിക്കുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി ജോര്‍ജ് ആരോപിച്ചു. കേരളത്തില്‍ രാഷ്ട്രീയമാറ്റമുണ്ടാകുന്നത് തടയാന്‍ വേണ്ടി നടക്കുന്ന ഗൂഢാലോചനയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ജോര്‍ജ് പറഞ്ഞു.
എന്നാല്‍, താന്‍ അങ്ങനെ വിശ്വസിക്കുന്നില്ലെന്ന് മാണി പറഞ്ഞു. പി.സി ജോര്‍ജ് ഇത് മാറ്റിപ്പറയുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
മാണിയ്ക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പില്ലെന്നും യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ട പ്രധാന്യം ഇതിനില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. പരാതിക്കാരന്‍ തെളിവ് സഹിതം രേഖാമൂലം പരാതി തരികയാണെങ്കില്‍ അന്വേഷിക്കാമെന്നും തങ്കച്ചന്‍ പറഞ്ഞു. ഇത് ആരോപണം മാത്രമാണെന്നും കെ.എം മാണിയെപ്പോലുള്ള നേതാവിന്റെ ട്രാക്ക് റെക്കോഡ് ഏവര്‍ക്കും അറിയാവുന്നതാണെന്ന്‍ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ബാറുകൾ തുറക്കാൻ മാണിക്ക് കോഴ നൽകിയെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ആരോപണങ്ങൾ അന്വേഷിച്ചാൽ മാണി ജയിലിൽ പോകേണ്ടി വരുമെന്നും ബിജു രമേശ് ശനിയാഴ്ച പറഞ്ഞു. സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാര്‍ വിഷയത്തില്‍ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടിരുന്നതായും ബിജു രമേശ് പറഞ്ഞു.