Skip to main content
തിരുവനന്തപുരം

light metro

 

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള മോണോ റെയിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ .സി) തയ്യാറാക്കിയ സാധ്യതാപഠന റിപ്പോർട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. 2020-ൽ പദ്ധതി പൂർത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോണോ റെയില്‍ കോർപ്പറേഷന്റെ പേര്‌ കേരള റാപിഡ്‌ ട്രാൻസിറ്റ് കോർപ്പറേഷൻ എന്നാക്കി മാറ്റാനും യോഗത്തില്‍ തീരുമാനമായി.

 

രണ്ട് നഗരങ്ങളിലും ഗതാഗത പ്രശ്നത്തിന് പരിഹാരമായി ആദ്യം നിര്‍ദ്ദേശിച്ച മോണോറെയില്‍ പദ്ധതിക്കു പകരമാണ് ലൈറ്റ് മെട്രോ. നിര്‍മ്മാണ ചിലവ് പ്രതീക്ഷിച്ചതിലും വര്‍ധിക്കുമെന്ന സാഹചര്യത്തില്‍ മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മോണോ റെയില്‍ നിര്‍മ്മാണത്തിന് ദര്‍ഘാസ് സമര്‍പ്പിച്ച കമ്പനി കിലോമീറ്റിന് 288 കോടി രൂപ വീതം പതിനായിരം കോടി രൂപയില്‍ അധികമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം വരുമിത്‌.

 

മോണോ റെയിൽ പദ്ധതിക്കായി തയാറാക്കിയ അതേ റൂട്ടിലൂടെയായിരിക്കും ലൈറ്റ് മെട്രോ ഓടുക. ഇപ്പോഴത്തെ നിലയില്‍ തിരുവനന്തപുരത്ത് 22.5 കിലോമീറ്റർ ലൈറ്റ് മെട്രോ നിർമാണത്തിന് 3,453 കോടി രൂപയും കോഴിക്കോട് 13.3 കിലോമീറ്റർ നിർമാണത്തിന് 2,057 കോടി രൂപയുമാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, 2020ല്‍ പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ആകെ ചെലവ് 6,728 കോടി രൂപയായി മാറുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. ലൈറ്റ് മെട്രോയ്ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനമുണ്ടായാല്‍ നാല് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാമെന്ന് ഡി.എം.ആര്‍.സി. അറിയിച്ചിട്ടുണ്ട്.

 

തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ കരമന വരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയും ആകെ 36 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനായി 361 കോടി രൂപ വകയിരുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ പകുതി തുക കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വയബിലിറ്റി ഗ്യാപ് ഫണ്ടിലൂടെയും ബാക്കി 50 ശതമാനം വിദേശ-ആഭ്യന്തര വായ്പകളിലൂടെയും സമാഹരിക്കുമെന്നും മന്ത്രി അറിയിച്ചു.