Skip to main content
കൊച്ചി

smartcity kochiകൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി ലഭിച്ചതായി സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ജിജോ ജോസഫ്. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 246 ഏക്കറിനും പാരിസ്ഥിതിക അനുമതി ലഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിന് 2013 ജൂലായില്‍ അനുമതി ലഭിച്ചിരുന്നു. പൂര്‍ണ അനുമതി ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന്‍  ജിജോ ജോസഫ് അറിയിച്ചു.

 

ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഐ.ടി പാര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടം അടുത്ത മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജിജോ ജോസഫ് അറിയിച്ചു. പ്രമുഖ ഐ.ടി കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളും ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. 150 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആദ്യഘട്ടത്തിലൂടെ 4,500 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

കേരള സർക്കാരും ദുബായ് ആസ്ഥാനമായ ടീകോം ഇൻവെസ്റ്റ്മെന്റ്സും സംയുക്തമായാണ് സ്മാർട്ട്‌ സിറ്റി പദ്ധതി നടപ്പാക്കുന്നത്. ആകെ 5,000 കോടി രൂപ മുതല്‍ മുടക്ക് കണക്കാക്കുന്ന പദ്ധതി 2020-ല്‍ പൂര്‍ത്തിയാകും.