Skip to main content
തിരുവനന്തപുരം

innovations award

 

പത്തനംതിട്ട ജില്ലാ പഞ്ചായത്തിനും പെരിയാര്‍ കടുവ സങ്കേതത്തിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്കും പൊതുജനസേവന രംഗത്തെ നൂതന ആശയാവിഷ്കാരത്തിനുള്ള (ഇന്നവേഷന്‍സ്) മുഖ്യമന്ത്രിയുടെ 2013-ലെ പുരസ്കാരം.  എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇക്കണോമിക്സ്‌ വിഭാഗത്തിന് പ്രത്യേക പുരസ്കാരവും നല്‍കും.

 

സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ, സര്‍ക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന പദ്ധതികളില്‍ പൊതുജന സേവന മികവിനുള്ള അംഗീകാരമായി മൂന്ന് വിഭാഗങ്ങളിലായിട്ടാണ് പ്രത്യേക പുരസ്കാരം അടക്കമുള്ളവ പ്രഖ്യാപിച്ചിട്ടുള്ളത്. പുരസ്കാര വിതരണം ഒക്ടോബര്‍ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ പത്മം ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

 

ഡവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍സിനുള്ള പുരസ്കാരമാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സാന്ത്വനം പ്രോജക്ടിനും പോലീസ് വകുപ്പിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്കും ലഭിച്ചത്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളിലൂടെ നടപ്പാക്കുന്ന നൂതന പരിപാടിയാണ് സാന്ത്വനം പ്രോജക്ട്. വിദ്യാര്‍ത്ഥികളില്‍ പൗരബോധം ഉളവാക്കാനും സമൂഹത്തിന് ഗുണകരമായ വിധത്തില്‍ മുഖ്യധാരയില്‍ അവരുടെ കര്‍മ്മപരിപാടികള്‍ എത്തിക്കുന്നതാണ് പോലീസ് വകുപ്പിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.

 

പ്രസീഡ്വറല്‍ ഇന്റര്‍വെന്‍ഷസ് വിഭാഗത്തില്‍ വനം വകുപ്പിന് കീഴിലുള്ള തേക്കടി പെരിയാര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍-പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന സംരക്ഷണവും വനപരിപാലനവും ലക്ഷ്യമിടുന്ന പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. ആധുനിക സമ്പാദന മാര്‍ഗങ്ങളിലൂടെയും മെച്ചപ്പെട്ട സേവന പ്രദാന രീതികളിലൂടെയും വനപരിപാലന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നവര്‍ക്ക് പരാശ്രയത്വം കുറയ്ക്കുകയും ഭേദപ്പെട്ട സാമ്പത്തിക ഭദ്രത അര്‍ഹരായ സമുദായ-വംശവര്‍ഗങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി.

 

പബ്ലിക് സര്‍വീസ് ഡലിവറി വിഭാഗത്തില്‍ ഒരു എന്‍ട്രിയും ഉദ്ദേശിച്ച നിലവാരം പുലര്‍ത്തിയില്ല. എങ്കിലും എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം തയ്യാറാക്കിയ പൊതുജന സേവന പ്രദാന മേഖലയെക്കുറിച്ച് മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അറിവു പകരുന്ന പദ്ധതിയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കുന്നതിന് പുരസ്കാര നിര്‍ണ്ണയ സമിതി തീരുമാനിക്കുകയായിരുന്നു. യുവ തലമുറയിലൂടെ നവ സാങ്കേതിക വിദ്യയെ സമൂഹത്തിന് പരിചയപ്പെടുത്തുന്നു എന്നതാണ് ഈ പദ്ധതിയുടെ നൂതനത്വം.  

 

പേഴ്‌സണല്‍ മാനേജ്‌മെന്റ് വിഭാഗത്തിലും അര്‍ഹമായ സംരംഭങ്ങളുടെ എന്‍ട്രികളൊന്നും ലഭിച്ചിട്ടില്ലെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. മുന്‍ ചീഫ് സെക്രട്ടറിയും സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ജോസ് സിറിയക് അധ്യക്ഷനായ സമിതിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം, കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, ഹൈദരാബാദിലെ സെന്റര്‍ ഫൊര്‍ ഇന്നവേഷന്‍സ് ഇന്‍ പബ്ലിക് സിസ്റ്റംസ് ഡയറക്ടര്‍ ഡി. ചക്രപാണി, ഐ.എം.ജി. ഡയറക്ടര്‍ ടിങ്കു ബിസ്വാള്‍, സെന്റര്‍ ഫൊര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി കണ്ണന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

 

പുരസ്കാര ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ബഹുമതി പത്രവും ലഭിക്കും. പ്രത്യേക പുരസ്കാരത്തിനര്‍ഹമായ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇക്കണോമിക്സ്‌ വിഭാഗത്തിന് രണ്ട് ലക്ഷം രൂപയും ബഹുമതി പത്രവും ലഭിക്കും.

 

ആകെ 27 പദ്ധതി നിര്‍ദ്ദേശങ്ങളാണ് അവസാന ഘട്ടത്തില്‍ പുരസ്കാര നിര്‍ണ്ണയ സമിതി പരിഗണിച്ചത്. ഇതില്‍ 19 എണ്ണം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അഞ്ചെണ്ണം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും മൂന്നെണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമായിരുന്നു. അടുത്തവര്‍ഷത്തെ (2014) അവാര്‍ഡിനുള്ള അപേക്ഷയും ഐ.എം.ജി സ്വീകരിച്ചു തുടങ്ങി. 2015 മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീയുടെ സി.ഡി.എസുകള്‍, സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.