സംസ്ഥാനത്ത് നിയമന നിരോധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്‍ ധനമന്ത്രി കെ.എം മാണി പറഞ്ഞു. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മാണി വിശദീകരിച്ചു. തിങ്കളാഴ്ച കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് തരണം ചെയ്യാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ, ഒരു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതില്ലെന്ന ധനവകുപ്പിന്റെ തീരുമാനത്തിനെതിരെ ഭരണാനുകൂല യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും രംഗത്ത് വന്നിരുന്നു.
മദ്യനയത്തില്‍ നിന്ന്‍ സര്‍ക്കാര്‍ പിറകോട്ടു പോകില്ലെന്ന് മാണി ആവര്‍ത്തിച്ചു. ബാറുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി സര്‍ക്കാറിന് വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും അത് ഒരു നഷ്ടമായി കാണുന്നില്ല. നഷ്ടം വന്നാലും മദ്യനയം നടപ്പിലാക്കണമെന്നാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വ്യാജമദ്യം തടയുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ഒപ്പം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.