പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് തിങ്കളാഴ്ച തള്ളി. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്ടു കോഴ്സുകളും അധികബാച്ചുകളും അനുവദിച്ചാല്‍ മതിയെന്നായിരുന്നു ഇടക്കാല വിധി. സിംഗിള്‍ ബഞ്ചിന്റെ വിധിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്ന് ഡിവിഷന് ബഞ്ച് പറഞ്ഞു.
ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി 134 പഞ്ചായത്തുകളിലെ 258 സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലായി 640 ബാച്ചുകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, ഈ സ്കൂളുകള്‍ ഉള്‍പ്പെടെയും അല്ലാതെയും 700 ബാച്ചുകള്‍ ആണ് മന്ത്രിസഭാ ഉപസമിതി അനുവദിച്ചത്. മന്ത്രിസഭാ ഉപസമിതിയുടെ ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന് ബഞ്ചും കടുത്ത വിമര്‍ശനമാണ് വാദങ്ങള്‍ക്കിടെ നടത്തിയിരുന്നത്.
ഉപസമിതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് വിവിധ സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും സമര്‍പ്പിച്ച 88 ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് പി.ആര് രാമചന്ദ്ര മേനോന്റെ സിംഗിള്‍ ബഞ്ച് ആഗസ്ത് 18-ന് ഇടക്കാല വിധി നല്‍കിയത്. വിധിയനുസരിച്ച് ഉപസമിതിയുടെ പട്ടികയിലെ 280 സ്കൂളുകള്‍ക്ക് പ്ലസ്ടു ബാച്ച് നഷ്ടപ്പെടും. ഈ സ്കൂളുകളിലെ പ്രവേശനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇടക്കാല വിധി പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഉദ്യോഗസ്ഥരുടെ ശുപാര്‍ശകളില്‍ തീരുമാനമെടുക്കാനുള്ള ജനാധിപത്യ സര്‍ക്കാറിന്റെ അധികാരം വിനിയോഗിക്കുക മാത്രമാണ് മന്ത്രിസഭാ ഉപസമിതി ചെയ്തതെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം. എന്നാല്‍, നിശ്ചിത അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകളില്‍ പ്ലസ്ടു അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചായിരുന്നു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയിലുള്ള സ്കൂളുകളില്‍ മാത്രം പ്രവേശനം നടത്താന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.