Skip to main content
കൊച്ചി

DV Sadananda Gowdaസംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കേരളം കൂടുതല്‍ തുക മുടക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡ. കര്‍ണ്ണാടകത്തിന്റെ മാതൃകയില്‍ ഒന്നുകില്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്‍കുകയോ അല്ലെങ്കില്‍ പദ്ധതിച്ചിലവിന്റെ പകുതി വഹിക്കാനോ കേരളം തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൊച്ചിയില്‍ റെയില്‍വേ ഉന്നതതല അവലോകന യോഗത്തിനെത്തിയ മന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

 

കേരളത്തിന്‌ പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കാനാകില്ലെന്ന്‍ സദാനന്ദ ഗൗഡ പറഞ്ഞു. എന്നാല്‍, സംസ്ഥാനത്ത് പുതിയ ഡിവിഷനും കൂടുതല്‍ കോച്ചുകളും പരിഗണനയിലുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവയില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

 

സബർബൻ റെയിൽ പദ്ധതിക്ക് വേണ്ട മുഴുവൻ പണവും കേരളം മുടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാത ഇരട്ടിപ്പിക്കൽ വേഗം പൂർത്തിയാക്കിയാൽ കൂടുതൽ തീവണ്ടികൾ അനുവദിക്കുമെന്നും ഗൗഡ അറിയിച്ചു.

 

ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന ആരോപണം ശരിയല്ലെന്നും കഴിഞ്ഞ പത്തു വര്‍ഷം കേരളത്തിന് ലഭിച്ചതിനേക്കാള്‍ കുടുതല്‍ തുക ആനുപാതികമായി കേരളത്തിന് എന്‍.ഡി.എ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണത്തിനു മൂന്ന്‍ പ്രത്യേക തീവണ്ടികള്‍ അധികമായി അനുവദിച്ചിട്ടുണ്ടെന്നും കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.