Skip to main content
കൊച്ചി

kerala high courtപുതിയ പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭാ ഉപസമിതിയ്ക്ക് അയച്ച നോട്ടീസ് ഹൈക്കോടതി വ്യാഴാഴ്ച പിന്‍വലിച്ചു. മന്ത്രിസഭാ ഉപസമിതി കേസില്‍ കക്ഷിയാണെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന്‍ വിശദീകരിച്ചാണ് നടപടി. മന്ത്രിസഭാ ഉപസമിതിയ്ക്ക് നോട്ടീസ് അയച്ച കോടതിയുടെ നടപടിയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

 

ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു കോഴ്സുകളും അധികബാച്ചുകളും അനുവദിച്ചാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഇടക്കാല വിധിക്കെതിരെ സര്‍ക്കാര്‍ വ്യാഴാഴ്ച അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതുതായി അനുവദിച്ച സ്കൂളുകളില്‍ പ്രവേശനം അന്തിമഘട്ടത്തിലാണെന്നും ഹൈക്കോടതിയുടെ ഇടക്കാല വിധി പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും അപ്പീലില്‍ പറയുന്നു. പ്രവേശനം കിട്ടാതെ ആയിരക്കണക്കിന് കുട്ടികള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാറിന് അവസരം നല്‍കാതെയായിരുന്നു ഇടക്കാല വിധിയെന്നും അപ്പീലില്‍ പറയുന്നു.

 

വിവിധ സ്കൂള്‍ മാനേജ്മെന്റുകളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും സമര്‍പ്പിച്ച 88 ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റിസ്‌ പി.ആര്‍ രാമചന്ദ്ര മേനോന്റെ സിംഗിള്‍ ബഞ്ച് തിങ്കളാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പുതിയ ബാച്ചുകള്‍ അനുവദിച്ച മന്ത്രിസഭാ ഉപസമിതിയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി 134 പഞ്ചായത്തുകളിലെ 258 സര്‍ക്കാര്‍-എയ്ഡഡ്‌ സ്കൂളുകളിലായി 640 ബാച്ചുകള്‍ ആരംഭിക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, ഈ സ്കൂളുകള്‍ ഉള്‍പ്പെടെയും അല്ലാതെയും 700 ബാച്ചുകള്‍ ആണ് മന്ത്രിസഭാ ഉപസമിതി അനുവദിച്ചത്.