Skip to main content
തിരുവനന്തപുരം

padmanabhaswami temple

 

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ മുന്‍പ് ഏഴു തവണ തുറന്നിരുന്നതായി സുപ്രീം കോടതി നിയോഗിച്ച ആഡിറ്റ് സമിതിയുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഭാരവും ശുദ്ധിയും സംബന്ധിച്ച രേഖകള്‍ അപൂര്‍ണ്ണമാണെന്നും അമൂല്യ വസ്തുക്കളുടെ ഉപയോഗത്തിലും സൂക്ഷിപ്പിലും ധനകാര്യ നിയന്ത്രണം പാലിച്ചിട്ടില്ലെന്നും ക്ഷേത്രത്തിന്റെ ആസ്തികളുടെ രജിസ്റ്റര്‍ ശരിയായി സൂക്ഷിക്കുന്നില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തത്സ്ഥിതി റിപ്പോര്‍ട്ടില്‍ സമിതി പറഞ്ഞു. കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ആയി വിരമിച്ച വിനോദ് റായി ആണ് ആഡിറ്റിന് നേതൃത്വം കൊടുക്കുന്നത്.

 

ബി നിലവറ മുന്‍പ് തുറന്നിട്ടില്ലെന്നാണ് ക്ഷേത്രഭരണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുന്‍ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, നിലവറ 1990-ല്‍ രണ്ട് തവണയും 2002-ല്‍ ഏഴു തവണയും തുറന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിക്കട്ടികള്‍ ഇവിടെ നിന്ന്‍ എടുക്കുകയും സ്വര്‍ണ്ണപ്പാത്രങ്ങള്‍ നിക്ഷേപിക്കുകയും എടുക്കുകയും ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

 

എന്നാല്‍, ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളൂ എന്ന്‍ മുന്‍ രാജകുടുംബത്തിലെ അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പ്രതികരിച്ചു. അത് രേഖകളിലുണ്ടെന്നും അത് തുറന്നിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ഈ അറയ്ക്കപ്പുറം കിഴക്കോട്ട് തുറക്കുന്ന വാതിലുണ്ട്. ഇത് രാജകുടുംബം തുറന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു.  

 

കേസില്‍ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രഭരണത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമാണ് കഴിഞ്ഞ ഏപ്രിലില്‍ വിനോദ് റായിയെ ആഡിറ്റിനായി കോടതി ചുമതലപ്പെടുത്തിയത്. ക്ഷേത്രഭരണത്തിന് താല്‍ക്കാലിക സമിതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്.  

 

അമിക്കസ് റിപ്പോര്‍ട്ട് ശരിവെക്കുന്ന വിധത്തിലാണ് പ്രാഥമിക ആഡിറ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കഴിഞ്ഞ 25 വര്‍ഷക്കാലത്തെ കണക്കുകള്‍ ആഡിറ്റ് ചെയ്യാനാണ് റായിയുടെ നേതൃത്വത്തിലുള്ള സമിതി ഒരുങ്ങുന്നത്.