Skip to main content
കൊച്ചി

 

പ്ലസ്ടുവിന് സ്കൂളുകള്‍ അനുവദിക്കുന്നതിനു പകരം അധിക ബാച്ച് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്ത് 148 പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത മുന്നില്‍ കണ്ട് ഈ തീരുമാനം പിന്നീട് റദ്ദാക്കുകയായിരുന്നു.പകരം അധിക ബാച്ച് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

പുതിയ പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കുന്നതിനുള്ള അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ സര്‍ക്കാറിന് നല്‍കിയതായിരുന്നു. ഈ വിധി നിലനില്‍ക്കെയാണ് പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം ഏടുത്തത്. ഇത് ചോദ്യം ചെയ്ത് ഏതാനും ചില സ്കൂളുകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പുതിയ വിധി പുറപ്പെടുവിച്ചത്.

 

അതേസമയം പ്ലസ്‌ വണ്‍ ഏകജാലക പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു. 4.87 ലക്ഷം അപേക്ഷകരില്‍ 220,049 പേര്‍ക്കാണു പ്രവേശനം ഉറപ്പായത്‌. പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണം ഒന്നരലക്ഷത്തോളമാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗുരുതര പ്രതിസന്ധിയാണ് ഇക്കുറി നേരിടുന്നത്. 48106 പേര്‍ക്കാണു രണ്ടാം ഘട്ടത്തില്‍ അലോട്ട്‌മെന്റ്‌ ലഭിച്ചത്‌.സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളിലെ 220,346 മെറിറ്റ്‌ സീറ്റുകളില്‍ അവശേഷിക്കുന്നത്‌ 297 ഒഴിവാണ്‌.

 

ജനറല്‍ കാറ്റഗറിയിലെ 142,248 സീറ്റുകളില്‍ 1,42,025-ലേക്കും അലോട്ട്‌മെന്റായി. അവശേഷിക്കുന്നത്‌ 223 സീറ്റ്‌. 10447 മുസ്ലിം സംവരണ സീറ്റുകള്‍ പൂര്‍ണമായും രണ്ടാം ഘട്ട അലോട്ട്‌മെന്റില്‍ നികത്തി. 1173 ക്രിസ്‌ത്യന്‍ ഒ.ബി.സി സംവരണ സീറ്റില്‍ 1172ഉം നികത്തി. 1418 എല്‍.സി/ എസ്‌.ഐ.യു.സി സംവരണ സീറ്റില്‍ ഒന്നൊഴികെയുള്ളതില്‍ അലോട്ട്‌മെന്റായി. ഓപ്‌ഷന്‍ രജിസ്‌റ്റര്‍ ചെയ്‌ത 2,67,020 വിദ്യാര്‍ഥികള്‍ക്ക്‌ ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിച്ചിട്ടില്ല. കമ്യൂണിറ്റി, മാനേജ്‌മെന്റ്‌, സ്‌പോര്‍ട്‌സ്‌ ക്വാട്ട എന്നിവ കൂടി പൂര്‍ത്തിയാകുന്നതോടെ എത്രപേര്‍ക്കു പ്രവേശനം ലഭിക്കില്ലെന്നു വ്യക്‌തമാകും. രണ്ടാമത്തെ അലോട്ട്‌മെന്റ്‌ പ്രകാരമുള്ള പ്രവേശനം 11 വരെ നടക്കും.