Skip to main content
കോട്ടയം

koothattukulam mary

 

അന്തരിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരിയുടെ(93) മൃതദേഹം കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും. പിറവത്തെ ആരക്കുന്നം എ.പി വര്‍ക്കി മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ആയിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിവരെ മേവെള്ളൂരില്‍ മകള്‍ സുലേഖയുടെ വീട്ടിലും മൂന്ന് മുതല്‍ നാല് വരെ കോട്ടയത്ത് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.

 

തൊടുപുഴ ഉടുമ്പന്നൂര്‍ കൊച്ചുപറമ്പില്‍ പള്ളിപ്പാട്ട് പത്രോസിന്‍റെയും കൂത്താട്ടുകുളം ചോളന്മേല്‍ എലിസമ്മയുടെയും മകളായി ജനിച്ച മേരി ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍തന്നെ സ്വാതന്ത്ര്യസമരത്തില്‍ ഭാഗമായി. ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ ക്ളാസുകള്‍ ബഹിഷ്കരിക്കാനും സമീപ സ്കൂളിലെയടക്കം വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും നേതൃനിരയിലുണ്ടായിരുന്നു. 1948-ലാണ് മേരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയത്. സ്‌റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അവര്‍ വിദ്യാഭ്യാസ കാലത്തും രാഷ്ട്ര പ്രവര്‍ത്തനത്തില്‍ മുഴുകി. കമ്മ്യൂണിസ്റ്റ് നേതാവ് സി.എസ്. ജോര്‍ജാണ് ഭര്‍ത്താവ്. 'കനലെരിയുന്ന കാലം' മേരിയുടെ ആത്മകഥയാണ്.

 

മക്കള്‍: ഗിരിജ, ഷൈല, ഐഷ, സുലേഖ. മരുമക്കള്‍: ജസ്റ്റിസ് കെ ബാലകൃഷ്ണന്‍, സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം, എ.വി. രാജന്‍, ബാബു പോള്‍