Skip to main content
കൊച്ചി

kseb and start-up village

 

സംസ്ഥാന വൈദ്യുതി ബോര്‍ഡ് കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ള എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണ്‍ യുവ സംരംഭകരുടെ തെരഞ്ഞെടുക്കപ്പെട്ട നൂതന ആശയങ്ങളുടെ അവതരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 21-ന് കെ.എസ്.ഇ.ബി ഉന്നതോദ്യോഗസ്ഥരുടെ പാനലിനു മുന്നിലാണ് യുവ സംരംഭകര്‍ ആശയങ്ങള്‍ അവതരിപ്പിക്കുക.

 

കെ.എസ്.ഇ.ബിയിലേയും സ്റ്റാര്‍ട്ടപ്പ് വില്ലേജിലേയും അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന മേല്‍നോട്ട സമിതി, ഈ വര്‍ഷം തെരഞ്ഞെടുക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് അന്ന് പ്രഖ്യാപിക്കും. ഇത്തവണ ആറ് പദ്ധതികളാണ് സമിതിയുടെ പരിഗണനയില്‍ ഉള്ളത്. ഇവയുടെ പ്രാഥമിക രൂപം ഉണ്ടാക്കുന്നതിന് എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണില്‍ നിന്നുള്ള ധനസഹായവും വിദഗ്ധോപദേശവും ഇവര്‍ക്കു ലഭിക്കും. വിശദമായ പരിപാടികളും ധനസഹായത്തിന്റെ രീതികളും മറ്റും വരുന്ന മാസങ്ങളില്‍ അന്തിമമായി തീരുമാനിക്കും. വിജയപ്രദമായ വാണിജ്യ മാതൃകയായി പദ്ധതി രൂപാന്തരപ്പെട്ടാല്‍ അത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാന്‍ വേണ്ട നടപടികള്‍ കെ.എസ്.ഇ.ബി കൈക്കൊള്ളും.

 

ഊര്‍ജ്ജത്തിന്റെ ഉല്‍പാദന, വിതരണ, സംപ്രേഷണ, സംരക്ഷണ രംഗങ്ങളുടെ പുരോഗതിക്ക് ഉതകുന്ന വിധത്തിലുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നവര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കുകയെന്ന ലക്ഷ്യവുമായി 2013 ജൂലൈ മാസത്തിലാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണ്‍ തുറന്നത്. സോണിലെ പ്രൊജക്ട് അപ്രൈസല്‍ കമ്മിറ്റിക്കു മുമ്പാകെ വരുന്ന അപേക്ഷകളില്‍ നിന്ന് നൂതനാശയങ്ങളുള്ളവ ആദ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. മേല്‍നോട്ട സമിതിയാണ് അന്തിമതെരഞ്ഞെടുപ്പ് നടത്തുന്നത്.

 

കഴിഞ്ഞവര്‍ഷം മൂന്നു പദ്ധതികള്‍ തെരഞ്ഞെടുക്കുകയും അവയ്ക്ക് ആകെ 23.9 ലക്ഷം രൂപയുടെ ഫണ്ടിംഗ് ലഭ്യമാക്കുകയും ചെയ്തു. പോയിന്റ്5ടെക്‌നോളജീസിന്റെ ആര്‍വോ പവര്‍ ജനറേഷന്‍ സ്കീം, പൈബീം ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വാഭാവിക ലൈറ്റിംഗ് സംവിധാനമായ ലൈറ്റ്ഷാഫ്റ്റ്, ടെക് ക്രാഫ്റ്റ് ഇന്നൊവേഷന്‍സിന്റെ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ടര്‍ബൈന്‍ രഹിത സാങ്കേതിക വിദ്യയായ ആന്‍വിന്റേറ്റര്‍ എന്നിവയായിരുന്നു അവ.

 

ഈ വര്‍ഷം കെ.എസ്.ഇ.ബിയിലെ ഉന്നതോദ്യോഗസ്ഥരും എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും തമ്മിലുള്ള ഒരു ആശയസംവാദവും സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പദ്ധതിയിലുണ്ട്. അവസാനവര്‍ഷ എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ഥികളുടെ പ്രൊജക്ടുകളില്‍ പ്രായോഗികമായവയ്ക്കുള്ള ധനസഹായത്തിനൊപ്പം സൗരോര്‍ജ്ജ മേഖലയിലെ പദ്ധതികള്‍ക്കും ഇന്‍കുബേറ്റര്‍ പിന്തുണ നല്‍കുന്നുണ്ട്.