Skip to main content
തിരുവനന്തപുരം

sre pathmanabha swami temple

 

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പിനായി സുപ്രീം കോടതി നിയോഗിച്ച മുൻ സി.ഐ.ജി വിനോദ് റായ് തിരുവനന്തപുരത്തെത്തി. ക്ഷേത്രത്തിലെ കഴിഞ്ഞ 30 വര്‍ഷത്തെ ക്ഷേത്ര സ്വത്തുക്കള്‍, ആസ്തികളും വരുമാനവും അടക്കമുള്ളവ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ഇദ്ദേഹത്തോട് നിർദ്ദേശിച്ചിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റുകളുടെ ആസ്തികളും പരിശോധിക്കും. കണക്കെടുപ്പ് തിങ്കളാഴ്ച രാവിലെ തന്നെ ആരംഭിക്കുമെന്ന് റായ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ മൂല്യ നിർണയം അവസാനഘട്ടത്തിലാണ്. ഇതിന്റെ അവലോകനവും നടത്തും. ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാണിച്ചിരുന്നു. ഗോപാൽ സുബ്രഹ്മണ്യത്തിന്റെ നിര്‍ദേശപ്രകാരമാണ് സുപ്രീം കോടതി വിനോദ് റായെ കണക്കെടുപ്പിനായി നിയോഗിച്ചത്.

 

അതിനിടെ ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന കാണിക്ക എണ്ണല്‍ പൂര്‍ത്തിയായി. എന്നാല്‍ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. മൂന്ന് ദിവസം കൊണ്ട് എണ്ണി പൂര്‍ത്തിയാക്കിയ കാണിക്ക ബാങ്കിലേക്ക് മാറ്റിയിരിക്കുകയാണ്. ക്ഷേത്രത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന 58 കാണിക്ക വഞ്ചികളുടെ കണക്കെടുപ്പാണ് നടന്നത്. ഇവയില്‍ ആകെ 63 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കണക്കെടുപ്പ് പൂര്‍ത്തിയായ സ്ഥിതിക്ക് ഇതിന്‍റെ കണക്കുകളും ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടുത്തും