പതിനാറാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത മത്സരം. ഒ. രാജഗോപാലിലൂടെ തിരുവനന്തപുരത്ത് ചരിത്രവിജയം നേടാനാകുമോ എന്ന്‍ ഉറ്റുനോക്കുകയാണ് ബി.ജെ.പി.
കേരളത്തില്‍ ബി.ജെ.പി ആദ്യവിജയം കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്ന പോരാട്ടമാണ് തിരുവനന്തപുരത്ത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ഏറെ റൌണ്ടുകളില്‍ മുന്നില്‍ നിന്നെങ്കിലും 89.35 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ നേരിയ ഭൂരിപക്ഷത്തിന് മുന്നിലെത്തിയിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, വടകര മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ പി.കെ ശ്രീമതി ടീച്ചറും കോണ്‍ഗ്രസിന്റെ കെ. സുധാകരനും വടകരയില്‍ ഇതേ പാര്‍ട്ടികളുടെ തന്നെ സ്ഥാനാര്‍ഥികളായ എ.എന്‍ ഷംസീറും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മില്‍ നില മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. വയനാട് കോണ്‍ഗ്രസിന്റെ എം.ഐ ഷാനവാസ് നേരിയ ഭൂരിപക്ഷം മാത്രമാണ് നിലനിര്‍ത്തുന്നത്. കാസര്‍ഗോഡ് സി.പി.ഐ.എമ്മിന്റെ പി. കരുണാകരനും കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്.
പാലക്കാട് എം.ബി രാജേഷ്, ആലത്തൂരില്‍ പി.കെ ബിജു, ആറ്റിങ്ങലില്‍ എ. സമ്പത്ത് എന്നിവരാണ് വിജയപ്രതീക്ഷ പുലര്‍ത്തുന്ന സി.പി.ഐ.എം സ്ഥാനാര്‍ഥികള്‍, തൃശ്ശൂരില്‍ സി.പി.ഐയുടെ സി.എന്‍ ജയദേവനും മുന്നിലാണ്. എല്‍.ഡി.എഫ് സ്വതന്ത്രരായ ഇന്നസെന്റ് ചാലക്കുടിയിലും ജോയ്സ് ജോര്‍ജ് ഇടുക്കിയിലും മുന്നിലാണ്.
രണ്ട് മുന്നണികളുടേയും അഭിമാന പോരാട്ടം നടന്ന കൊല്ലം മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ എം.എ ബേബിയ്ക്കെതിരെ ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി മുന്നിലാണ്. മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ ഇ. അഹമ്മദും ഇ.ടി മുഹമ്മദ് ബഷീറും മണ്ഡലം നിലനിര്‍ത്താനാണ് സാധ്യത. മലപ്പുറത്ത് 79.45 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ഇ. അഹമ്മദ് 1.6 ലക്ഷത്തിലധികം വോട്ടിന് മുന്നിലാണ്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയും മുന്നിലാണ്.
കോഴിക്കോട് എം.കെ രാഘവന്‍, ഏറണാകുളത്ത് കെ.വി തോമസ്, ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍, മാവേലിക്കരയില്‍ കൊടിക്കുന്നേല്‍ സുരേഷ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി എന്നിവരാണ് വിജയപ്രതീക്ഷയോടെ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.
