Skip to main content
മുംബൈ

പ്രമുഖ ഹോട്ടല്‍ വ്യവസായിയും ലീലാ ഗ്രൂപ്പ് സ്ഥാപകനുമായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. പുലര്‍ച്ചെ മൂന്നരക്ക് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മുംബൈ പവൻസ് ഹൗസ് സാന്താക്രൂസിൽ വച്ച് നടത്തും.

 

സുഭാഷ് ചന്ദ്രബോസിന്റെ കീഴിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ ക്യാപ്ടനായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഭാര്യയുടെ പേരില്‍ തുടങ്ങിയ ടെക്‌സ്റ്റൈല്‍ ബിസിനസിലൂടെയാണ് അറിയപ്പെട്ടത്. മുംബൈയില്‍ 1986-ല്‍ ലീലാ ഹോട്ടലിലൂടെ രാജ്യമെങ്ങും ഹോട്ടല്‍ ബിസിനസിന് അദ്ദേഹം തുടക്കമിട്ടു.

 

1987-ൽ ലീല വെഞ്ച്വർ എന്ന പേരിൽ ആഡംബര ഹോട്ടലുകളുടെ ശൃംഖല തന്നെ അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ചു. ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആറു ഹോട്ടലുകൾ സ്വന്തമായുണ്ട്. 2013 ഫെബ്രുവരി 7​-ന് ലീല വെഞ്ച്വറിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് കൃഷ്ണൻ നായർ വിരമിക്കുകയും ചെയർമാൻ എമിറേറ്റ്‌സ് എന്ന പദവി ഏറ്റെടുക്കുകയും ചെയ്തു. 

 

2010-ൽ പത്മഭൂഷൻ നൽകി രാജ്യം ഇദേഹത്തെ ആദരിച്ചു. ഇന്ത്യൻ വ്യവസായ ലോകത്തിൽ ഒന്നാം നിരയിലെത്തിയ ഈ കണ്ണൂരുകാരൻ ബ്രിട്ടന്റ ഹൗസ് ഒഫ് കോമൺസിന്റെ അനുമോദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. അമേരിക്കൻ അക്കാദമി ഒഫ് ഹോസ്പിറ്റാലിറ്റി സയൻസസിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

1922 ഫെബ്രുവരി 9-ന് കണ്ണൂർ ജില്ലയിലെ കോൽക്കാരൻ അപ്പനായരുടെയും അഴീക്കോട് സ്വദേശി മാധവിയുടെയും മകനായാണ് കൃഷ്ണൻ നായരുടെ ജനനം. പ്രമുഖ വ്യവസായിയായിരുന്ന എ.കെ. നായരുടെ മകൾ ലീലയാണ് ഭാര്യ. ലീല വെഞ്ച്വർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിവേക്‌നായർ, ലീല വെഞ്ച്വർ ഗ്രൂപ്പിന്റെ കോ- ചെയർമാനും ജോയന്റ് മാനേജിംഗ് ഡയറക്ടറുമായ ദിനേശ് നായർ എന്നിവർ മക്കളാണ്. ലീലാ ഗ്രൂപ്പ് ഡയറക്ടർമാരായ ലക്ഷ്മിയും മധുവുമാണ് മരുമക്കൾ.