കേരള തീരത്ത് തിരുവനന്തപുരം ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെങ്ങും തിങ്കളാഴ്ച മുതല്‍ പെയ്യുന്ന മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ സാധാരണ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. കുട്ടനാട്ടില്‍ കൃഷിനാശവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്ക് നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ ബുധനാഴ്ച പെയ്ത മഴയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളില്‍ വെള്ളം കയറി തീവണ്ടി ഗതാഗതം തകരാറിലായി. നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. സിഗ്നൽ സംവിധാനം
തകരാറിലായതോടെ പല തീവണ്ടികളും വൈകിയാണ് ഓടുന്നത്. നഗരത്തില്‍ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.
ബുധനാഴ്ച വൈകിട്ട് നിശ്ചയിച്ചിരുന്ന തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് മാറ്റിവെച്ചു. പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന നെയ്തിലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തും ഇന്ന്‍ (വ്യാഴാഴ്ച) രാവിലെ വൈകിയാണ് നടന്നത്. നാളെയാണ് തൃശ്ശൂര്‍ പൂരം.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈയാഴ്ച അവസാനത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.

