
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമക്ക് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയ തിയറ്ററുടമകള്‍ക്കെതിരെ ഫെഫ്ക കര്‍ശനിലപാടില്‍. വിലക്ക് നീക്കി മേയ് എട്ടിന് ചിത്രം റിലീസ് ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ഒരു സിനിമയും റിലീസ് ചെയ്യേണ്ടെന്നാണ് ഫെഫ്കയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായത്.
വിലക്ക് നീക്കിയില്ലെങ്കിൽ സിനിമകളുടെ ചിത്രീകരണം നിറുത്തിവച്ച് സംയുക്തമായി സമരം ചെയ്യാനും ഫെഫ്ക ആലോചിക്കുന്നുണ്ട്. അതേസമയം ഫെഫ്കയെ വെല്ലുവിളിച്ച് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീര്‍ രംഗത്തെത്തി. തന്റേടമുണ്ടെങ്കില്‍ സിനിമകളുടെ ചിത്രീകരണം നിറുത്തിവയ്ക്കട്ടെയെന്നും മറ്റ് ചിത്രങ്ങളുടെ റിലീസുകള്‍ നിര്‍ത്താനാകില്ലെന്നും ലിബർട്ടി ബഷീര്‍ പറഞ്ഞു. ഫെഫ്ക സമരവുമായി മുന്നോട്ടുപോയാല്‍ പിന്തുണയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍റെ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ തീരുമാനിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഫെഡറേഷന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് ഫെഫ്ക ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പ്രമുഖരോട് ആവശ്യപ്പെട്ട ബി ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ സിനിമ റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് തീയറ്റര്‍ ഉടമകള്‍.
