Skip to main content

 

കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്‌ടിച്ച സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി ഒരുക്കിയ 'സോളാര്‍ സ്വപ്നം' എന്ന സിനിമയ്ക്ക് വിലക്ക്. ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററിലെത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പിനിടെ ചിത്രം തിയേറ്ററിലെത്തിയാല്‍ വന്‍ വിവാദത്തിന് വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് വിലക്കുകയായിരുന്നു.

 

 

ജോയ് ആന്റണി സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് രാജു ജോസഫാണ്. സരിത എസ് നായരെന്നത് വെള്ളിത്തിരയിലെത്തുമ്പോള്‍ ഹരിത നായരാകും. ശാലു മേനോന്‍ ഗായത്രി മേനോനും ബിജു രാധാകൃഷ്ണന്‍ അജയ് നായരുമാകും. തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെയും അനുമതി വേണമെന്നാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. ഈ കടമ്പകള്‍ തീര്‍ത്തുവരുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിയും.

 

 

മാര്‍ ഇവാനിയോസ് കോളേജിലെ മലയാളം വിഭാഗം മേധാവിയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ജോളി സഖറിയ, നടി മേനക, എഴുത്തുകാരി സുനിത, സംവിധായകന്‍ അരുണ്‍ പിള്ള, എഴുത്തുകാരനായ സുധീര്‍ പരമേശ്വരന്‍ എന്നിവരടങ്ങുന്ന സെന്‍സര്‍ ബോര്‍ഡാണ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. പൂജയാണ് സരിതയെ അവതരിപ്പിക്കുന്നത്. ശാലുവായി തുഷാരയും എത്തുന്നു. സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്റെ വേഷത്തിലെത്തുന്നത് നടന്‍ ദേവനാണ്. എല്ലാവരുടെയും പേരുകള്‍ മാറ്റിയിട്ടുണ്ട്. ഗായത്രിമേനോന്റെ ഐറ്റം ഡാന്‍സുള്ളതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്.