Skip to main content
തിരുവനന്തപുരം

നിലവാരം കുറഞ്ഞ ബാറുകളുടെ ലൈസന്‍സ്‌ ഉടന്‍ പുതുക്കേണ്ടെന്ന്‌ ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവാരമില്ലാത്തതെന്ന്‌ കണ്ടെത്തിയ 418 ബാറുകളുടെ കാര്യത്തിലാണ്‌ ഈ തീരുമാനം. 14 ബാറുകളുടെ ലൈസന്‍സ്‌ എക്‌സൈസ് കമ്മീഷണര്‍ റദ്ദാക്കിയിരുന്നു. ഇതും മന്ത്രിസഭായോഗം അംഗീകരിച്ചു. ബാക്കിയുള്ള ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കും. തിരഞ്ഞെടുപ്പിനുശേഷം നടപ്പിലാക്കുന്ന പുതിയ മദ്യനയത്തിന് അനുസരിച്ച് നിലവാരമില്ലാത്ത ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കാനും തീരുമാനമുണ്ട്.

 

750 ഓളം ബാറുകളാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ മദ്യനയം പുതുക്കാത്തത്‌ ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. സര്‍ക്കാറിന്‌ ലൈസന്‍സ്‌ നല്‍കാനാവാത്ത സാഹചര്യത്തില്‍ കാലാവധി തീര്‍ന്ന ബാറുകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ അടച്ചിട്ടിരിക്കുകയാണ്‌. നിലവാരം കുറഞ്ഞ ബാറുകളുടെ കാര്യം തെരഞ്ഞെടുപ്പിന്‌ ശേഷം വിശദമായി പരിഗണിയ്‌ക്കാനാണ്‌ മന്ത്രിസഭയുടെ തീരുമാനം. നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തിലുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

 

ലൈസന്‍സ് പുതുക്കാന്‍ കഴിയാത്ത ബാറുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മദ്യനയം പുതുക്കി നിശ്ചയിക്കാന്‍ കഴിയാത്തതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ബാറുകള്‍ അടക്കേണ്ടിവരുമെന്ന സാഹചര്യം ഒഴിവാക്കാനായി ബിവറേജസ് ഔട്‌ലറ്റുകള്‍ക്ക് നല്‍കിയ അനുമതി ബാറുകള്‍ക്കും ബാധകമാണെന്ന് കമ്മീഷന്‍ നികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു.