എ.കെ ആന്റണി പാകിസ്‌ഥാൻ ഏജന്റാണെന്ന് കരുതുന്നില്ലെന്ന് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ നായിഡു എ.കെ ആന്റണിയും അരവിന്ദ് കേജ്രിവാളും പാക്കിസ്ഥാന്‍ ഏജന്റ്മാരും ഇന്ത്യയുടെ ശത്രുക്കളുമാണ് എന്നുള്ള നരേന്ദ്ര മോഡിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
മാര്‍ച്ച് 26-ന് നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും ആന്റണി പാക്കിസ്ഥാന്‍ ഏജന്റാണെന്ന് മോഡി പറയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയോട് തനിക്ക് മമതയില്ലെന്നും പ്രതിരോധ മന്ത്രിയെന്ന നിലയിൽ അദ്ദേഹം തികഞ്ഞ പരാജയമാണെന്നും പറഞ്ഞ നായിഡു ആന്റണി പാചകം അറിയാത്ത പാചകക്കാരനാണെന്നും പറഞ്ഞു.
ചൈന അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴും 16 ഹെലിപ്പാടുകള്‍ ഇവിടെ സ്ഥാപിച്ചപ്പോഴും അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നു പറഞ്ഞപ്പോഴും ഇന്ത്യന്‍ പട്ടാളക്കാരുടെ തല അറുത്തപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിന് ആന്റണിക്ക് കഴിഞ്ഞില്ല. അപ്പോഴും പ്രതിരോധ വകുപ്പ് മൗനം പാലിക്കുകയായിരുന്നു എന്നും വെങ്കയ്യ നായിഡു പറഞ്ഞു.