മലയാള സിനിമാതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ സലീം കുമാര്‍ അഭിനയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു. കൊമേഡിയനായും ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്തും മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം കുമാര്‍ മൂന്നു വര്‍ഷത്തിനകം അഭിനയ ജീവിതം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചത്.
വ്യക്തിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് താന്‍ വിരമിക്കുന്നതെന്ന് നാല്‍പ്പത്തിമൂന്നുകാരനായ സലീം കുമാര്‍ പറഞ്ഞു. സിനിമ തനിക്ക് മടുത്തിട്ടില്ലെന്നും എന്നാല്‍ തനിക്ക് അഭിനയത്തേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞ സലീം കുമാര്‍ അഭിനയത്തിനും വിരമിക്കല്‍ ആവശ്യമാണെന്നും എന്നാല്‍ ആരും അത് അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
1996-ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിയിലൂടെയാണ് സലീം കുമാര്‍ ആദ്യമായി സിനിമാ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയിലെ എണ്ണപ്പെട്ട ഹാസ്യനടന്മാരിലൊരാളായി തീര്‍ന്ന സലീം കുമാറിന്റെ പ്രതിഭയെ കേരളം അറിഞ്ഞത് ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയായിരുന്നു. വര്‍ഷത്തില്‍ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിരുന്ന സലീം കുമാര്‍ അടുത്തകാലത്തായി വളരെ ശ്രദ്ധയോടെയാണ് സിനിമകള്‍ തെരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞവര്‍ഷം തമിഴ്, ഒറിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
ഒന്നര പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സലീം കുമാര്‍ ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2010-ല്‍ ആദാമിന്റെ മകന് അബു എന്ന ചിത്രത്തിന് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. 2005-ല്‍ അച്ഛനുറങ്ങാത്ത വീടിന് സഹനടനുള്ള സംസ്ഥാന പുരസ്ക്കാരവും 2013-ല്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. ടി.എ റസാഖിന്റെ ജയറാം ചിത്രം മൂന്നാം നാള് ഞായറാഴ്ചയിലാണ് സലീം കുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
