Skip to main content
കൊച്ചി

kochi metro ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പണിമുടക്കുമൂലം മെറ്റലും മണലും കിട്ടാതെവന്നതോടെ മെട്രോ റെയില്‍വെ ജോലികള്‍ നിറുത്തി വച്ചു. റോഡ്‌ വെട്ടിപ്പൊളിച്ചിരിക്കുന്നത്‌ കോണ്‍ക്രീറ്റ്‌ നടത്തുന്നതിനുപോലും മെറ്റലും ക്രഷര്‍ മണലുമില്ല. ഇതേത്തുടര്‍ന്ന്‌ അത്യാവശ്യമായി ചെയ്‌തുതീര്‍ക്കേണ്ട ചെറിയ ജോലികള്‍ പോലും മുടങ്ങി കിടക്കുകയാണ്‌.

 

കളമശേരി കാസ്‌റ്റിംഗ്‌ യാഡില്‍ ആവശ്യത്തിന്‌ കോണ്‍ക്രീറ്റ്‌ മിശ്രിതം എത്തുന്നില്ലെന്ന വിവരം കരാറുകാരായ എല്‍ ആന്‍ഡ്‌ ടി ഡി.എം.ആര്‍.സിയെ അറിയിച്ചു. പൈലിംഗ്‌ നടത്താനും തൂണുകളുടെ നിര്‍മാണത്തിനും മെറ്റലും മണലും അത്യാവശ്യമാണ്‌. പ്രതിസന്ധി പലതവണ ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ഡി.എം.ആര്‍.സി അറിയിച്ചു. കാസ്‌റ്റിംഗ്‌ യാഡിലെ പണി മുടങ്ങിയാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്‌ടാവ്‌ ഇ. ശ്രീധരന്‍ ജില്ലാ കലക്‌ടറെ അറിയിച്ചു.

 

മാര്‍ച്ചിനകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ട തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ജോലികളെല്ലാം കെട്ടിക്കിടക്കുകയാണ്‌. പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫണ്ട്‌ ലഭിക്കുന്നതില്‍ പ്രയാസം നേരിടും. പൊതുമരാമത്ത്‌ ജോലികളെ മാത്രമല്ല, വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍ പോലുള്ള പണികളും മുന്നോട്ടു കൊണ്ട് പോകാനാവാതെ വിഷമിക്കുകയാണെന്നു കരാറുകാര്‍ അറിയിച്ചു. എത്രയും വേഗം സര്‍ക്കാര്‍ ഇടപെട്ട്‌ സമരം ഒത്തുതീര്‍പ്പാക്കണമെന്ന്‌ കൊച്ചിന്‍ കോര്‍പറേഷന്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.