Skip to main content
തിരുവനന്തപുരം

plus two

 

സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നടപടി. പ്ലസ് ടു അധിക ബാച്ച് സംബന്ധിച്ച തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച് ഒരു ബാച്ചില്‍ 50 സീറ്റായിരുന്നത് 60 ആകും.

 

പ്ലസ് ടു സീറ്റ് സംബന്ധിച്ച ഹൈക്കോടതി വിധി വിലയിരുത്താന്‍  ഇന്ന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. നിലവിലെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്ലസ് ടുവിന് അധിക ബാച്ച് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. പ്ലസ് ടു കോഴ്സ് ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് തുടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ അധ്യയനവര്‍ഷം പ്രവേശനം നല്‍കാനാവും വിധം സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയോ പുതിയവ അനുവദിക്കുകയോ ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

 

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ കൊമേഴ്‌സ്, സയന്‍സ് എന്നീ ശാഖകളില്‍ ഓരോ ബാച്ച് വീതം പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാനായിരുന്നു സര്‍ക്കാറിന്റെ ആദ്യ തീരുമാനമെങ്കിലും സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന്‍ പിന്‍വാങ്ങുകയായിരുന്നു. അതേസമയം, വടക്കന്‍ ജില്ലകളില്‍ നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഓരോ ബാച്ച് വീതം 382 അധിക ബാച്ച് അനുവദിക്കാനുള്ള തീരുമാനം നിലനിര്‍ത്തി. ഇതിനെതിരെ പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കിയ സ്കൂള്‍ മാനേജര്‍മാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.