Skip to main content
തിരുവനന്തപുരം

shibu baby johnകൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്ത് എംപ്ലോയബിലിറ്റി സെന്ററുകള്‍ വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ ദാതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനത്ത് 43 ലക്ഷം പേരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേരു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിശീലനവും ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ആവശ്യമാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ കാലാനുസൃതമായി മാറ്റിയെടുക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്ന്‍ മന്ത്രി പറഞ്ഞു.

 

തൊഴിലിനെപ്പറ്റി ജനങ്ങളുടെ മാനസികാവസ്ഥയും ചിന്താഗതിയും മാറ്റുക എന്നതാണ് ഇന്ന് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്‍ മന്ത്രി പറഞ്ഞു. വ്യവസായ സംരംഭകര്‍ക്ക് മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താനാവുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോരുത്തരുടെയും കഴിവുകള്‍ കണ്ടെത്തി അതത് മേഖലകളില്‍ നിലവാരമുള്ള പരിശീലനം നല്‍കി അവരെ ജോലിക്കു പ്രാപ്തരാക്കുകയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നതും. തൊഴില്‍ നൈപുണ്യം നേടിയ യുവജനങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ ഉണ്ടാകുന്ന തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ട വിധത്തില്‍ എംപ്ലോയബിലിറ്റി സെന്ററുകളെ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി ആവശ്യപ്പെട്ടു.