ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം 8 പേരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരേ സി.ബി.ഐ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം കിട്ടുമെന്ന് കരാറിലൂടെ ഉറപ്പുവരുത്തുന്നതില്‍ പിണറായി വിജയന്‍ മന:പൂര്‍വ്വം വീഴ്ച വരുത്തിയെന്നാണ് സി.ബി.ഐ.യുടെ നിലപാട്. 2013 നവംബര്‍ 5-നാണ് തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതി പിണറായിയെ വിട്ടയച്ചുകൊണ്ട് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിവിഷന്‍ ഹര്‍ജി നല്‍കണമെന്നാണ് വ്യവസ്ഥ. അടുത്ത മാസം 5-ന് ഈ കാലാവധി അവസാനിക്കും.
.
1996-1998 കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായിരുന്നു അത്. കരാര്‍ വഴി പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയായിരുന്നു പിണറായി വിജയന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
പ്രതിസ്ഥാനത്തുള്ള ക്ലോസ് ട്രെന്‍ഡലിനും കാനഡയിലെ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനും സി.ബി.ഐ വാറന്‍റ് അയച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ല. ഇവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും വൈകുമെന്നതിനാല്‍ കുറ്റപത്രം വിഭജിച്ച് പിണറായി വിജയനെതിരായ കേസില്‍ വിചാരണ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.