Skip to main content
ആലപ്പുഴ

Gouri ammaകെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) പിളര്‍ന്നു. ഐക്യ ജനാധിപത്യ മുന്നണി വിടുന്നത് സംബന്ധിച്ച തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. യു.ഡി.എഫ് വിടാനുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗൗരിയമ്മയുടെ തീരുമാനത്തോട് പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ത്തിയിരുന്ന വിയോജിപ്പാണ് ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ആറാം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ പിളര്‍ത്തിയത്.

 

സംസ്ഥാന സമ്മേളനത്തില്‍ നിന്ന്‍ വിട്ട് നില്‍ക്കുന്ന രാജന്‍ ബാബു വാര്‍ത്താസമ്മേളനം വിളിച്ചാണ് തന്റെ നിലപാട് വിശദീകരിച്ചത്. യു.ഡി.എഫില്‍ തുടരണമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടേയും അഭിപ്രായമെന്നും ജെ.എസ്.എസ് യു.ഡി.എഫിന്റെ ഭാഗമായി തുടരുമെന്നും രാജന്‍ ബാബു പറഞ്ഞു. തങ്ങളാണ് യഥാര്‍ത്ഥ ജെ.എസ്.എസ് എന്നും പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

സി.പി.ഐ.എമ്മിലെ ചില നേതാക്കളുടെ കൈപ്പിടിയിലാണ് ഗൗരിയമ്മയെന്നും രാജന്‍ ബാബു ആരോപിച്ചു. സ്വന്തമായ അഭിപ്രായമുള്ളവരെ ഗൗരിയമ്മ ഭീഷണിപ്പെടുത്തുകയാണെന്നും ഗൗരിയമ്മയുടെ വാക്കു കേള്‍ക്കുന്ന കുറച്ചുപേരെ മാത്രമാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ജെ.എസ്.എസ് സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ യു.ഡി.എഫ് വിടണമെന്ന് ആവശ്യമുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പൊതുചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഗൗരിയമ്മ നടത്തിയേക്കുമെന്നാണ് സൂചന.

 

സി.പി.ഐ.എമ്മില്‍ നിന്ന്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന്‍ 1994-ലാണ് ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് തന്നോട് അവഗണന കാട്ടുന്നു എന്ന്‍ ഗൗരിയമ്മ പരാതി ഉന്നയിച്ചിരുന്നു. നേരത്തെ സി.പി.ഐ.എമ്മിലേക്ക് തിരികെ പോകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായും ഈയിടെ ഗൗരിയമ്മ അറിയിച്ചിരുന്നു.