Skip to main content
തിരുവനന്തപുരം

km mani2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം, സംരഭകത്വം എന്നിവക്ക് പ്രോത്സാഹനം നല്‍കുന്നതാണ് ബജറ്റെന്ന് ആമുഖമായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച മന്ത്രിയെന്ന റെക്കോഡുള്ള മാണിയുടെ പന്ത്രണ്ടാം ബജറ്റാണിത്.

 

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താരതമ്യേന മെച്ചമാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം എട്ടു ശതമാനം സാമ്പത്തിക വളർച്ച നിലനിർത്താനായെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആളോഹരി വരുമാനം 63,491 രൂപയാണെന്ന് മന്ത്രി അറിയിച്ചു.

 

സംസ്ഥാനത്ത് ഹൈടെക് കൃഷി വ്യാപകമാക്കുകയാണ് കൃഷി വികസനത്തിനുള്ള മാർഗ്ഗമെന്ന് മന്ത്രി പറഞ്ഞു. താൽപര്യമുള്ള മുഴുവൻ കർഷകർക്കും ഹൈടെക് കൃഷിരീതിയിൽ പരിശീലനവും അഞ്ച് ലക്ഷം രൂപവരെ പലിശരഹിത വായ്പയും നല്‍കും. സ്വാമിനാഥൻ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കാർഷിക ബിരുദധാരികൾക്കും ബോട്ടണി ബിരുദധാരികൾക്കും ഇത്തരം കൃഷിരീതിയില്‍ പരിശീലനം നൽകും. ഓരോ തദ്ദേശസ്ഥാപനത്തിനും രണ്ടു മുതൽ നാലു വരെ പരിശീലകരെ ലഭ്യമാക്കും.

 

ഗ്ലോബല്‍ ആഗ്രി മീറ്റ് നടത്താന്‍ 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. മികച്ച കര്‍ഷകര്‍ക്കും കൃഷിയില്‍ മികവ്‌ പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പഠനയാത്ര നടത്തുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കും.

 

ചെറുകിട കര്‍ഷകര്‍ക്കായി 25 നാണ്യവിളകളില്‍ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങും. പ്രീമിയത്തിന്റെ 90 ശതമാനം ബാക്കി കര്‍ഷകരും വഹിക്കണം.
രണ്ട് ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്കായി മറ്റൊരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ പ്രീമിയത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും.

 

ചെറുകിട കര്‍ഷകരുടെ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്  സൗജന്യമായി ലാപ് ടോപ് നല്‍കും. ബി.പി.എല്‍ കുടുംബങ്ങളിലേയും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെയും രണ്ട് ഹെക്ടര്‍ വരെ നെല്‍കൃഷിയുമുള്ളവരുടെയും പെണ്‍മക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിലേക്കായി 10 കോടി രൂപ മാറ്റിവെച്ചു.  കുടുംബത്തിലെ ഗൃഹനാഥന്‍ മരണമടഞ്ഞാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടത്തിന്റെ പകുതി സര്‍ക്കാര്‍ ഏറ്റെടുക്കും.

 

സ്ത്രീകളുടെ സ്വയം സംരഭകത്വ പദ്ധതികൾക്ക് 80 ശതമാനം വായ്പ നല്‍കും.  വായ്പ മുടങ്ങാതെ അടച്ചാൽ 25 ശതമാനം സബ്‌സിഡി നൽകും. കോളേജ് വിദ്യാര്‍ത്ഥിനികളുടെ സ്വയം സംരംഭകത്വ പദ്ധതികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നൽകും.

 

വ്യാവസായിക കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡും ഗ്രേസ് മാര്‍ക്കും നല്‍കും. യുവജനങ്ങള്‍ക്കായി സംരംഭകത്വക്ലബ്ലുകള്‍ ആരംഭിക്കും. സ്റ്റാന്‍ഫോര്‍ഡ്, ഹവാഡ് സര്‍വകലാശാലകളുടെ പങ്കാളിത്തത്തോടെ യുവസംരംഭകര്‍ക്ക് പരിശീലന പദ്ധതി നടത്തും. തിരുവനന്തപുരം ടെക്‌നോപാർക്ക് വികസനത്തിന് 134 കോടി രൂപയും കളമശേരി കിൻഫ്രപാർകിലെ ടെക്‌നോളജി ഇന്നവേഷൻ സെന്ററിന് 25 കോടി രൂപയും വകയിരുത്തി.

 

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് ഗ്രീന്‍ ഫിനാന്‍സ് പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് 1,225 കോടിയുടെ പദ്ധതി നടപ്പിലാക്കും. യുവ സംരംഭർക്ക് വ്യവസായങ്ങൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപ സഹായം നൽകും  ഇതിനായി 5 കോടി നീക്കി വയ്ക്കും. വ്യവസായ പാർക്കുകൾക്ക് ഒരു കോടി അനുവദിക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കൊല്ലം., കോഴിക്കോട് വികസന അതോറിറ്റികൾക്ക് 45 കോടി രൂപ അനുവദിച്ചു.

 

അനാഥക്കുട്ടികളുടെ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും. 10,000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റാസ്ബറി കംപ്യൂട്ടറുകള്‍ നല്‍കും.

 

കെ.എസ്.ആര്‍.ടി.സിയ്ക്ക് പ്രത്യേക സഹായമായി 150 കോടി രൂപ നല്‍കും. ഗ്യാരേജ് നിര്‍മാണത്തിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും 17 കോടി രൂപയും കോര്‍പ്പറേഷന്റെ സമ്പൂർണ കംപ്യൂട്ടർവൽക്കരണത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വർക്കല ബൈപാസ്, ഇടവ ബൈപാസ് നിർമാണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഗ്രാമവികസന പദ്ധതിയിൽ 1000 കിലോമീറ്റര്‍ പുതിയ റോഡ് നിർമിക്കാൻ 75 കോടി വകയിരുത്തി.

 

തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ ട്രെയിൻ പദ്ധതി ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ ടോക്കണ്‍ തുക വകയിരുത്തി. നിലമ്പൂർ നഞ്ചൻകോട് റയിൽവേ ലൈനിനായി അഞ്ചു കോടി രൂപയും വകയിരുത്തി. പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

 

ഊർജമേഖലയിൽ 1.770 കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പിന് 270 കോടി രൂപ അനുവദിച്ചു. സോളാർ പദ്ധതിക്ക് 10 കോടി രൂപയും  22 പുതിയ സബ്‌സ്‌റ്റേഷനുകൾക്ക് 240 കോടി രൂപയും വകയിരുത്തി. കാറ്റില്‍ നിന്നുള്ള വൈദ്യുതി 100 മെഗാവാട്ട് ആയി വര്‍ധിപ്പിക്കും.

 

മൽസ്യമാർക്കറ്റുകൾ നിർമിക്കുന്നതിന് 30 കോടി രൂപ നീക്കിവെച്ചു. സ്ഥലസൗകര്യം ലഭ്യമാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ തുക നല്‍കും. മൽസ്യത്തൊഴിലാളികൾക്ക് സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നല്‍കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണ മേഖലയ്ക്ക് 295 കോടി രൂപ നീക്കിവെച്ചു. കുളമ്പുരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗപരിശോധനാശാലകൾ ശക്തിപ്പെടുത്താന്‍ 9.19 കോടി രൂപ നല്‍കും. കാസർകോട്ട് ബ്രീഡ് ഫാമിനായി നാലു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കുന്നുകര ക്ഷീരവികസന ഗ്രാമമായി പ്രഖ്യാപിച്ചു. കോഴിവളർത്തലിനും പ്രത്യേക പദ്ധതി തുടങ്ങും

 

1-1-1977 മുമ്പ് ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം വിതരണം ചെയ്യും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി രൂപ നീക്കിവെച്ചു. 2 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 6 ശതമാനത്തിനും ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 4 ശതമാനത്തിനും ഭവന വായ്പ നല്‍കും.
 

അർബുദ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഓരോ ജില്ലയിലും അഞ്ച് ഡോക്ടർമാരുടങ്ങുന്ന പ്രത്യേക വൈദ്യസംഘം രൂപീകരിക്കും. അർബുദ രോഗനിർണയ പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കും. മാറാരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും.

 

കൈത്തറി തൊഴിലാളികൾക്ക് പ്രൊഡക്ഷൻ ഇൻസെന്റീവ് നൽകും. കൈത്തറി റിബേറ്റിന് 7 കോടി നൽകും. ഹാൻടെക്‌സിന് ഒരു കോടി നൽകും. കശുവണ്ടി തൊഴിലാളികൾക്കായി കശുവണ്ടി കോർപ്പറേഷന്  28 കോടി അനുവദിക്കും. പാഴ്‌വസ്തുക്കളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികായി ഒരുകോടി നീക്കിവെച്ചു. മഴവെള്ള സംഭരണികള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കും.

 

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയാല്‍ കാര്‍ഡ് നല്‍കും. അഞ്ച് നഗരങ്ങളില്‍ രാത്രികാല താമസകേന്ദ്രങ്ങള്‍ തുടങ്ങും.

 

തിരുവനന്തപുരത്ത് സാതന്ത്ര്യചരിത്ര മ്യൂസിയവും തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദ് ബഷീറിന്  സ്മാരകവും നിര്‍മ്മിക്കും. കാഞ്ഞിരപ്പള്ളിയില്‍ കെ. നാരായണ കുറുപ്പിന്റെ പേരില്‍ സ്പോര്‍ട്സ് സ്കൂള്‍ സ്ഥാപിക്കും. കൊച്ചി ബിനാലയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ചു.