അഴിമതിക്കെതിരെയുള്ള ജനരോഷമാണ് ആം ആദ്മി പാർട്ടിയുടെ ആവിർഭാവത്തിനും വികാസത്തിനും കാരണമായതെങ്കിൽ കേരളത്തിൽ വ്യത്യസ്തമായ ദിശയിലാണ് ആം ആദ്മി പാർട്ടി രൂപം കൊണ്ടുവരുന്നത്. ഇടതുപക്ഷത്തിൽ പ്രതീക്ഷ നശിച്ചവരുടേയും സി.പി.ഐ.എമ്മിനകത്ത് പോരാട്ടം നടത്തി പരാജിതരായവരുടേയും കൂട്ടായ്മകള്‍ ആം ആദ്മി പാർട്ടിയുടെ അസ്ഥിത്വത്തിന്റെ ഭാഗമാകാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. അതേസമയം പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടി പ്രവർത്തന പാരമ്പര്യമൊന്നുമവകാശപ്പെടാനില്ലാത്ത സ്വതന്ത്ര അസംതൃപ്തർ തങ്ങൾക്ക് സ്വീകാര്യമായ നേതൃത്വമില്ലാതെ തന്നെ ആം ആദ്മി പാർട്ടിയിൽ ചേരാൻ സന്നദ്ധമായി മുന്നോട്ടു വരികയും ചെയ്യുന്നുണ്ട്.
ആർ.എം.പി, ആദിവാസി ഗോത്ര മഹാസഭ, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രതിച്ഛായാ ശിൽപ്പിയായിരുന്ന പഴയ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാൻ തുടങ്ങിയവരൊക്കെ ആം ആദ്മി പാർട്ടിയിലേക്കെത്തിയിരിക്കുന്നു. ഇവരെല്ലാവരും അഴിമതിക്കെതിരേ നിലകൊള്ളുന്നു എന്നതിനുപരി സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിനെതിരെ നിലകൊള്ളുന്നവരും പോരാടുന്നവരുമാണ്.
അതേസമയം, സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും വിവിധ സ്വതന്ത്ര ഗ്രൂപ്പുകൾ തങ്ങൾ ആം ആദ്മിക്കാരാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് പാർട്ടി പേര് വഹിക്കുന്ന ഗാന്ധിത്തൊപ്പിയും ധരിച്ച് മാധ്യമ ഓഫീസുകളിൽ വാര്‍ത്താക്കുറിപ്പുകൾ നൽകുകയും യോഗങ്ങൾ ചേരുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ തങ്ങളാണ് യഥാർഥ ആം ആദ്മിക്കാർ എന്നവകാശപ്പെട്ടുകൊണ്ട് മറ്റുള്ളവരെ തള്ളിപ്പറഞ്ഞും രംഗത്തുവന്ന് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്നത് ഇവ്വിധമുള്ള ഒന്നായിരുന്നു. ബാബുരാജ് എന്നൊരാളാണ് ആദ്യം യോഗം വിളിച്ചത്. എന്നാൽ ഔദ്യോഗികമായി തങ്ങളെയാണ് അംഗീകരിച്ചിട്ടുള്ളതെന്നു കാണിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി. രണ്ടു വിഭാഗത്തിന്റേയും വാർത്ത മാധ്യമങ്ങളിൽ വന്നു. എന്നാൽ യോഗം വിളിച്ച ദിവസം വേദിയായ നരസിംഹപുരം ആഡിറ്റോറിയത്തിൽ യോഗം വിളിച്ചുചേർത്തവരും അതിനെ എതിർത്തവരും വന്നില്ല. പക്ഷേ ആം ആദ്മിയിൽ ചേരാനായി നൂറ്റമ്പതോളം പേർ അവിടെ എത്തി. നേതാക്കളെ ആരേയും കാണാഞ്ഞതിനെ തുടർന്ന് അവിടെ കൂടിയവർ യോഗം ചേർന്ന് സെൻട്രൽ ബാങ്കിൽ നിന്ന് റിട്ടയർ ചെയ്ത പി.കെ രവിയെ നേതാവായി തെരഞ്ഞെടുക്കുകയും അരവിന്ദ് കേജ്രിരിവാളുമായി ബന്ധപ്പെടാനും മറ്റു കാര്യങ്ങൾ നീക്കാനുമായി ചുമതലപ്പെടുത്തുകയും ചെയ്തു. അഴിമതിക്കെതിരെ പോരാടുക എന്നതാണ് ഈ മുൻ ബാങ്ക് ഉദ്യോഗസ്ഥനെ ആം ആദ്മിയിലേക്കടുപ്പിച്ചത്. അവിടെ കൂടിയവരെല്ലാം തങ്ങൾ ആം ആദ്മി പാർട്ടിക്കാരാണെന്ന് സ്വയം പ്രഖ്യാപിച്ച് പിരിയുകയും ചെയ്തു.
അസംതൃപ്ത ഇടതുപക്ഷത്തിനു പുറത്തുനിന്നും ആൾക്കാർ ആം ആദ്മിയിലേക്ക് കേരളത്തിൽ ഉണ്ടാവുന്നു എന്നുള്ളതിന്റെ സൂചനയാണ് ആലപ്പുഴ സംഭവം വ്യക്തമാക്കുന്നത്. എന്നാൽ അത്തരം സ്വതന്ത്ര അസംതൃപ്തർക്ക് നേതൃത്വം നൽകാൻ പ്രാപ്തരും വിശ്വാസ്യതയുള്ളവരും ഇതുവരെ കേരളത്തിൽ ആരുമുണ്ടായില്ല എന്നുള്ളതാണ് മുഖ്യധാരാ ആം ആദ്മി ഒഴുക്കിന് തടസ്സമായി നിൽക്കുന്നത്.
അസംതൃപ്ത ഇടതുപക്ഷം ആം ആദ്മി പാർട്ടി കേരള ഘടകത്തിന്റെ നേതൃത്വത്തിലേക്ക് വന്നാൽ അതിന്റെ പ്രഖ്യാപിത മുഖം നഷ്ടമാകുമെന്നും സ്വതന്ത്ര അസംതൃപ്തർ പറയുന്നു. ആലപ്പുഴയിലെ ഉദാഹരണത്തിലേക്കു നോക്കിയാൽ അവിടെ കൂടിയവരിൽ എല്ലാവരും തന്നെ ദില്ലി ആം ആദ്മി പാർട്ടി അണികളുടെ പൊതു സ്വഭാവം പിൻപറ്റുന്നവരായിരുന്നു. മുൻ കമ്യൂണിസ്റ്റ് സഹയാത്രികരും സ്വതന്ത്ര ബുദ്ധിജീവികളും പരിസ്ഥിതി പ്രവർത്തകരും ഇടതുപക്ഷ വിമർശകരുമെല്ലാം അവരുടേതായ അജണ്ടകളുമായി രംഗത്തുള്ളവരാണെന്നാണ് വ്യക്തമായ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാതെ ആം ആദ്മിയിലേക്ക് ചേരാൻ സന്നദ്ധരായി വന്നിട്ടുള്ളവർ പറയുന്നത്. രാഷ്ട്രീയത്തോടും രാഷ്ട്രീയ പാർട്ടികളോടും തങ്ങൾക്ക് പുച്ഛമാണെന്നും ഇവർ പറയുന്നു. ഇത്തരക്കാരെ കൂടെ നിർത്താനും ആം ആദ്മി പാർട്ടി ഉദ്ദേശിക്കുന്ന വികാസം പ്രാപിക്കാനും അസംതൃപ്ത ഇടതുപക്ഷക്കാർ നേതൃത്വത്തിലേക്കു വന്നാൽ തടസ്സമായി മാറിയേക്കാം.