Skip to main content
തിരുവനന്തപുരം

endosulfanകാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ തീരുമാനം. ട്രൈബ്യൂണല്‍ സംബന്ധിച്ചുള്ള നിയമത്തിലെ കരട് രൂപീകരിക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യോഗം വിളിക്കും. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ തുടര്‍ചര്‍ച്ചക്ക് വിധേയമാക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

 

ദുരിതബാധിതര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ നിലവില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇത് എ.റ്റി.എം. വഴിയും മണിഓര്‍ഡറായും നല്‍കുന്നുണ്ട്. ഇനിമുതല്‍ പെന്‍ഷന്‍കാര്‍ ഇതിലേതെങ്കിലും ഒരു ഓപ്ഷന്‍ നല്‍കണം. ബാങ്ക് വഴി നല്‍കുന്ന പെന്‍ഷനില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

 

എന്‍ഡോസള്‍ഫാന്‍ മൂലം അര്‍ബുദം ബാധിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നത് മൂന്ന് ഗഡുക്കളായാണ് നല്‍കുന്നത്. ഇതില്‍ ഒന്നാം ഗഡു അടിയന്തരമായി നല്‍കേണ്ട സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കാനായുള്ള ഫണ്ടില്‍ നിന്ന്‍ താത്ക്കാലികമായി അര്‍ബുദരോഗ ബാധിതര്‍ക്കായി നല്‍കുന്നതിനും മുഖ്യമന്ത്രി അനുമതി നല്‍കി. രണ്ടാം ഗഡു നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

 

ദുരിതബാധിതര്‍ക്കായി നടത്തിയ ക്യാമ്പില്‍ പുതുതായി 5,600 രോഗികളെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ ലിസ്റ്റില്‍പെടാത്ത സാഹചര്യത്തില്‍ ഇവരെ താലോലം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള രോഗികളെ ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. മുനിപ്പാലിറ്റി മേഖലയില്‍ അര്‍ഹതയുള്ളവര്‍ ഉണ്ടെങ്കില്‍ അവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ റീജിയണല്‍ ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡ് ജില്ലാതല സെല്ലില്‍ അംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്തു. കെ.പി.അരവിന്ദാക്ഷന്‍ കമ്മിറ്റിയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കാനും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഫണ്ട് സ്വരൂപിക്കാനും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സംഭാവനയായി കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു.