Skip to main content
തിരുവനന്തപുരം

aranmula airport site

 

ആറന്മുള വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പ് നടത്തിയ നിയമലംഘനം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടേയും അറിവോടെയാണ് ഇതെന്ന് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ ഇരുവരും നിഷേധിച്ചു.

 

നിയമവിരുദ്ധമായി വയലും തണ്ണീർത്തടങ്ങളും നികത്തി നിർമാണം നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് മറച്ചുവെച്ച് നല്‍കിയ അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എന്നാണ് പുറത്തുവന്ന രേഖകള്‍ കാണിക്കുന്നത്.
 

വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് 2012 ഫെബ്രുവരി 16ന് കേന്ദ്രം സംസ്ഥാനത്തിന്റെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയ പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജി.എസ് ഗ്രൂപ്പ് വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയെന്നും നിയമലംഘനം നടത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന തലത്തിലുള്ള സമിതിയുടെ മുന്‍കൂർ അനുമതി വാങ്ങാതെ നിലം നികത്തിയത് നിയമവിരുദ്ധമാണ്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയുളള നിര്‍മാണവും നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്ന നിർദ്ദേശവും പ്രിൻസിപ്പൽ സെക്രട്ടറി രേഖപ്പെടുത്തി.

 

എന്നാല്‍,  മുഖ്യമന്ത്രിയുടേയും വ്യവസായ മന്ത്രിയുടേയും പരിഗണനയ്ക്ക് അയച്ച റിപ്പോര്‍ട്ട് തിരിച്ചെത്തിയപ്പോള്‍ നിലം നികത്തിയെന്ന് പരാമർശിക്കപ്പെടുന്ന ഭാഗത്ത് ഒഴിവാക്കേണ്ടത് എന്ന് എഴുതിയതായി രേഖകളില്‍ കാണുന്നു. എന്നാല്‍, ആരാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയതെന്ന് വ്യക്തമല്ല. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കണ്ടെത്തലുകള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ടാണ് പരിസ്ഥിതി വകുപ്പ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.

 

എന്നാല്‍, ആറന്മുള വിമാനത്താവളത്തിനുവേണ്ടി ഒരിഞ്ചു ഭൂമി പോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ പോക്കുവരവ് നടത്താന്‍ അനുമതി നല്‍കിയത് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. കമ്പനി നിലം നികത്തിയെന്ന് പരിസ്ഥിതി വിലയിരുത്തൽ സമിതി കണ്ടെത്തിയിട്ടുണ്ട്. വനം-പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച റിപ്പോർട്ടിൽ തെറ്റുപറ്റിയിട്ടില്ല. സത്യസന്ധവും വസ്തുതാപരവുമായ മറുപടിയാണ് കേന്ദ്രത്തിന് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

തങ്ങള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും കരഭൂമിയാണ് വാങ്ങിയതെന്നും കെ.ജി.എസ് ഗ്രൂപ്പ് പ്രതികരിച്ചു. ഭൂമി നികത്തിയത് മുൻ ഭൂവുടമയാണെന്നായിരുന്നു കമ്പനിയുടെ വാദം. ഇത് അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ മറികടന്ന് കേന്ദ്രത്തിന് മറുപടി നല്‍കിയത്.

 

അതേസമയം വയൽ നികത്തൽ സംബന്ധിച്ച ഫയൽ നോക്കുന്നത് വ്യവസായ വകുപ്പ് അല്ലെന്ന് മന്ത്രി പി.കെ കു‌ഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായ മേഖല പുനർവിജ്ഞാപനം ചെയ്യുന്നത് മാത്രമാണ് വ്യവസായ വകുപ്പിന്റെ ചുതമലയെന്നും മന്ത്രി വിശദീകരിച്ചു.

 

ആറന്മുളയില്‍ വിമാനത്താവളത്തിനായി മാത്രം വയല്‍ നികത്താന്‍ കെ.ജി.എസ്സിന് ഇളവ് നല്‍കിയിട്ടുണ്ടെന്നും ഭൂനിയമങ്ങളില്‍ പ്രത്യേക ഇളവ് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നുമുള്ള തെറ്റായ വിവരം സംസ്ഥാന പരിസ്ഥിതി വകുപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചതിന്റെ തെളിവുകളും നേരത്തെ പുറത്തു വന്നിരുന്നു.

 

കൂടാതെ, 2010-ല്‍ കെ.ജി.എസ് ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തിൽ പ്രാരംഭ ജോലികള്‍ തുടങ്ങിയെന്ന് അറിയിക്കുന്നുണ്ട്. യു.ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിയമസഭയില്‍  നല്‍കിയ മറുപടിയില്‍ ഗ്രൂപ്പ് നിയമവിരുദ്ധമായി നിലം നികത്തിയതിനെതിരെ നടപടിയെടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് 2012 മാര്‍ച്ച് 20-ന് അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചിരുന്നു.
 

നിയമം പാലിക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഇതെന്ന്‍ കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പ്രതികരിച്ചു. പദ്ധതിക്കായി വയലും തണ്ണീര്‍ തടങ്ങളും നികത്തിയ തട്ടിപ്പിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. പദ്ധതിയിലെ അഴിമതി വ്യക്തമാണ്. ആറന്മുളയില്‍ നിന്ന് ഒരു വിമാനവും പറന്നുപൊങ്ങാന്‍ പോകുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു.

 

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണമെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാരെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags