Skip to main content
തിരുവനന്തപുരം

MS Valiathanവിഖ്യാത ഹൃദ്രോഗ വിദഗ്ധനും തിരുവനന്തപുരം ശ്രീ ചിത്തിര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപക ഡയറക്ടറുമായ ഡോ. എം എസ് വല്യത്താന് കേരള ശാസ്ത്ര പുരസ്കാരം. പ്രശസ്തി പത്രവും ഫലകവും ഒരു ലക്ഷം രൂപയും ഉൾപ്പെടുന്ന പുരസ്കാരം ഡിസംബർ 30 തിങ്കളാഴ്ച കേരള സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മാനിക്കും.

 

ലോകത്തെവിടെയും പ്രവർത്തിക്കുന്ന മികച്ച മലയാളി ശാസ്ത്രജ്ഞന് സംസ്ഥാന സർക്കാർ എല്ലാ വർഷവും നൽകി വരുന്നതാണ് കേരള ശാസ്ത്ര പുരസ്കാരം. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ആർ. ചിദംബരം അധ്യക്ഷനായ സമിതിയാണ് ഇത്തവണ പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വല്യത്താൻ നൽകിയ ആജീവനാന്ത സംഭാവനകളിലെ മികവ്‌ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് സമിതി പറഞ്ഞു.

 

2005ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഡോ. വല്യത്താൻ ഹൃദ്രോഗ ചികിൽസ, ഹൃദയ ശസ്ത്രക്രിയ മേഖലകളിൽ നൽകിയ സംഭാവനകള്‍ രാജ്യത്തിന് തന്നെ മുതൽക്കൂട്ടായി മാറി. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഡയറക്ടർ എന്ന നിലയിൽ, ചെലവുകുറഞ്ഞ ചികിൽസയ്ക്കു സഹായകമായ ഗവേഷണത്തിൽ മുഴുകാൻ പ്രാപ്തരമായ ശാസ്ത്രജ്ഞരുടെയും ശസ്ത്രക്രിയാ വിദഗ്ദ്ധരുടേയും സംഘത്തെ വാര്‍ത്തെടുക്കാന്‍ ഡോ. വല്യത്താനു കഴിഞ്ഞു. രാജ്യത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കു വൻ കുതിപ്പ് നടത്താൻ സഹായകമായ വിധത്തില്‍ ഹാർട്ട് വാൽവുകൾ, ഓക്‌സിജനറേറ്ററുകൾ, ബ്ലഡ് ബാഗുകൾ തുടങ്ങിയവ സംബന്ധിച്ച ഗവേഷണങ്ങളില്‍ മികച്ച നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈവരിച്ചു.

 

ആയുർവേദത്തെക്കുറിച്ച്, പ്രത്യേകിച്ച്  ഡിഎൻഎ പരിശോധന, 'ദോഷപ്രകൃതി'യുടെ ജനിതക അടിസ്ഥാന പരിശോധന എന്നിവയിൽ രസായനങ്ങൾക്ക് ചെലുത്താൻ കഴിയുന്ന ഫലത്തെക്കുറിച്ചും ഡോ. വല്യത്താൻ നടത്തിയ ശാസ്ത്രീയ പഠനങ്ങൾ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ടു. ചരക, ശുശ്രുത, വാഗ്ഭട സംഹിതകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഇതിനകം തന്നെ നാഴികക്കല്ലുകള്‍ ആയി മാറിയവയാണ്.

 

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ഗവേഷണ പ്രൊഫസര്‍മാരില്‍ ഒരാളായ ഡോ. വല്യത്താൻ ഇന്ത്യന്‍ ദേശീയ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റ് എന്ന നിലയിൽ ലണ്ടനിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ്, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി എന്നിവയുടെ ഭാഗമായി പ്രവർത്തിച്ചു. റോയൽ കോളജ് ഓഫ് സർജൻസ് ഹണ്ടേറിയൻ പ്രൊഫസർഷിപ്പ് നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ ആർ ഡി ബിർള അവാർഡ്, ഓംപ്രകാശ് ഭാസിൻ അവാർഡ്, ജവഹർലാൽ നെഹ്രു അവാർഡ്, ധന്വന്തരി പ്രൈസ്, ആര്യവാഹത മെഡൽ, ജെ സി ബോസ് മെഡൽ, ജി എം മോഡി അവാർഡ്, എച്ച് കെ ഫിറോഡിയ അവാർഡ്, ബസന്തി ദേവി ആമിർ ചന്ദ് പ്രൈസ് എന്നിവയും ഡോ. എം എസ് വല്യത്താനെ തേടിയെത്തി.

 

കേരള സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ ശേഷം സർജറിയിൽ യു.കെയിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഡോ വല്യത്താൻ യു.എസിലെ ജോൺസ് ഹോപ്കിൻസ്, ജോർജ്ജ്ടൗൺ സർവകലാശാലകളിൽ നിന്നാണ്  കാർഡിയാക് സർജറിയിൽ സ്‌പെഷലൈസ് ചെയ്തത്. പിന്നീട് കനേഡിയൻ റോയൽ കോളജിൽ കാർഡിയോ വാസ്‌കുലർ, തൊറാസിക് സർജറി എന്നിവയിൽ ഗവേഷണം നടത്തി.