Skip to main content
തിരുവനന്തപുരം

യോഗ്യതാ രേഖകളില്‍ തിരുമറി കാട്ടിയെന്ന് സര്‍ക്കാര്‍തല അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന്‍ എം.ജി. സര്‍വകലാശാല വി. സി. ഡോ. എ.വി. ജോര്‍ജ്ജിന് ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വി.സി. സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാനുള്ള കാരണം ഒരാഴ്ചക്കുള്ളില്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ആണ് എ.വി. ജോര്‍ജ്ജിന് എതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എ.വി. ജോര്‍ജ്ജ് ഹൈക്കോടതിയെ  സമീപിച്ചിരിക്കുകയാണ്. ഈ ഹരിജി പരിഗണിക്കാനിരിക്കെയാണ് നിയമോപദേശം തേടിക്കൊണ്ട് ഗവര്‍ണര്‍ ജോര്‍ജിന് കാരണം കാണിക്കല്‍ നോട്ടിസ് നല്കിയത്.

ഡോ. ജോര്‍ജിനെ വി സി ആക്കുന്നതിനെ  യു.ജി.സി. പ്രതിനിധി വിയോജനക്കുറിപ്പ് എഴുതിയതാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡോ. ജോര്‍ജ്ജ് വി സിയായി  നിയമിതനാകുകയായിരുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പ് മേധാവിയായിരുന്നുവെന്ന് തെറ്റായ വിവരം ബയോഡാറ്റയില്‍ ഉള്‍പെടുത്തിയതാണ് ജോര്‍ജ്ജിനെതിരെ  ഉന്നയിച്ചിട്ടുള്ള കുറ്റം.