Skip to main content
തിരുവനന്തപുരം

ഏറ്റവും നല്ല നിലയില്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങള്‍ക്കുളള ദേശീയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡില്‍ കേരളം രണ്ടാം സ്ഥാനത്ത്. ഊര്‍ജ്ജ സംരക്ഷണ നിയമം നടപ്പിലാക്കുന്ന സംസ്ഥാന ഏജന്‍സികള്‍ക്കുള്ള വിഭാഗത്തിലാണ് കേരളത്തിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന് ബഹുമതി. കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം അവാര്‍ഡ് നല്‍കുന്നത്.

 

ഡിസംബര്‍ 16 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്‍ അവാര്‍ഡ് ഏറ്റുവാങ്ങും. ഇത് നാലാം തവണയാണ് ഇ.എം.സി. ക്ക് അവാര്‍ഡ് ലഭിക്കുന്നത്.

 

സംസ്ഥാനത്ത് ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകളും പ്രഖ്യാപിച്ചു. വന്‍കിട ഇടത്തരം വിഭാഗത്തില്‍ രാജീവ് ഗാന്ധി കമ്പൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട് (എന്‍.ടി.പി.സി., കായംകുളം) അവാര്‍ഡിനര്‍ഹമായി. ഈ വിഭാഗത്തില്‍ പ്രശസ്തി പത്രത്തിന് അര്‍ഹമായത് ഹിന്ദിസ്ഥാന്‍ ന്യൂസ്-പ്രിന്റ് കോട്ടയവും, ഇന്നോവേറ്റീവ് ഫുഡ്‌സ് ലിമിറ്റഡ് ആലപ്പുഴയും മില്‍മ വയനാട് ഡയറിയുമാണ്.

 

ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ അവാര്‍ഡിന് ആരും അര്‍ഹരായില്ല. റുബെക് ബലൂണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം ഈ വിഭാഗത്തില്‍ പ്രശസ്തിപത്രം നേടി.

 

ഊര്‍ജ്ജസംരക്ഷണ പ്രോത്സാഹകരുടെ വിഭാഗത്തില്‍ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് അവാര്‍ഡിനും കാസര്‍ഗോഡ് ജില്ലയില്‍ പൊതാവൂര്‍ എ.വി.പി.സ്‌കൂളിലെ ഹരിസേന, ഉണ്ണി അമ്മയമ്പലം, കെ.സി.ബൈജു എന്നിവര്‍ പ്രശസ്തി പത്രത്തിനും അര്‍ഹമായി. കെട്ടിടങ്ങളുടെ വിഭാഗത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അവാര്‍ഡിനും ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, കണ്ണൂര്‍ പ്രശസ്തിപത്രത്തിനും അര്‍ഹമായി.

 

ഈ വര്‍ഷം 62 അപേക്ഷകളാണ് ലഭിച്ചത്. ഇവര്‍ക്ക് ലാഭിക്കാനായത് 43027 മില്ല്യന്‍ യൂണിറ്റ് വൈദ്യുതിയും 18293.34 ടണ്‍ ഇന്ധന എണ്ണയും 5500 ടണ്‍ കല്‍ക്കരിയും 34,49 ടണ്‍ എല്‍.പി.ജിയുമാണ്. അവാര്‍ഡുകള്‍ ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനമായ ഡിസംബര്‍ 14-ന് എറണാകുളം കലൂര്‍ ഐ.എം.എ. ഹാളില്‍വച്ച് ഊര്‍ജ്ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് വിതരണം ചെയ്യും