Skip to main content
തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി. പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ കാര്യത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രാലയമാണെന്ന് സമിതി അധ്യക്ഷന്‍ അനില്‍ റസ്ദാന്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഒരാഴ്ച മുന്‍പാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

 

മൂന്നാഴ്ചയ്ക്കകം വിഷയത്തില്‍ മന്ത്രാലയം നിലപാടെടുക്കുമെന്നാണ് സൂചന. പുതിയ തുറമുഖം വരുമ്പോള്‍ നിലവിലെ മത്സ്യ ബന്ധനം തടസപ്പെടാൻ പാടില്ല,​ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന്‌ തെളിവെടുത്തപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കണം,​  ടൂറിസം പദ്ധതികള്‍ നടപ്പിലാക്കണം,​ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി കേരള സർക്കാർ തേടണം,​ പദ്ധതി പ്രദേശത്തെ ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ നടപ്പാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ശുപാർശ നൽകിയിരിക്കുന്നത്. 

 

തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ മണ്ണൊലിപ്പടക്കമുളള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന റിസോര്‍ട്ട് ഉടമകളുടെ വാദം വിദഗ്ധ സമിതി ഇത് തള്ളി. പാരിസ്ഥിതിക അനുമതി ലഭിക്കാതെ തുറമുഖ പ്രദേശത്ത് റോഡ് നിര്‍മ്മിച്ചത് തീരദേശ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സമിതിക്ക് നല്‍കിയ പരാതിയില്‍ കേരളം വിശദീകരണം നല്‍കിയിരുന്നു.