Skip to main content
കൊച്ചി

അമ്പത്തി ഏഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 28 സ്വര്‍ണ്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 251 പോയിന്റ് എറണാകുളം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പാലക്കാടിന് 27 സ്വര്‍ണ്ണവും 14 വെള്ളിയും 26 വെങ്കലവുമടക്കം 218 പോയിന്റുകളാണുള്ളത്. മൂന്നാം സ്ഥാനം ഇത്തവണയും കോഴിക്കോടിനാണ്. 11 സ്വര്‍ണ്ണവും 12 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 110 പോയിന്റാണ് കോഴിക്കോട് നേടിയത്.

 

സ്കൂള്‍ വിഭാഗത്തില്‍ 12 സ്വര്‍ണവും 10 വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 100 പോയന്‍റുമായാണ് കോതമംഗലം സെന്‍റ് ജോര്‍ജ് കിരീടം നിലനിര്‍ത്തിയത്. കോതമംഗലം മാര്‍ ബേസില്‍ ഒമ്പത് സ്വര്‍ണവും 10 വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ 80 പോയന്‍റുമായി രണ്ടാം സ്ഥാനത്തെത്തി. ഒമ്പത് സ്വര്‍ണവും മൂന്ന് വെള്ളിയും ഒമ്പത് വെങ്കലവുമുള്‍പ്പെടെ 63 പോയന്‍റ് നേടിയ പാലക്കാട് കല്ലടി എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

 

അവസാന ദിനമായ ചൊവ്വാഴ്ച നാലു റെക്കോര്‍ഡുകളാണ് മേളയില്‍ ഉണ്ടായത്. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ പി.ടി. ഉഷയുടെ ശിഷ്യ ജെസ്സി ജോസഫ്‌ ദേശീയ റെക്കോഡ്‌ തകര്‍ത്തു(02:07:01 മിനിട്ട്‌). ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഷോട്ട്‌പുട്ടില്‍ എറണാകുളത്തിന്റെ അമല്‍ പി. രാഘവ്‌ (14.31 മീ), പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കോട്ടയത്തിന്റെ ഡൈബി സെബാസ്‌റ്റ്യന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ എറണാകുളത്തിന്റെ ബി. അബിന്‍ എന്നിവര്‍ മീറ്റ്‌ റെക്കോര്‍ഡിട്ടു. നാലു ദിവസങ്ങളിലായി ആകെ 95 ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ നടന്നത്‌.

 

സമാപന സമ്മേളനം കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ സമ്മാനദാനം നിര്‍വഹിച്ചു. മത്സരവിജയികളുടെ പ്രൈസ്‌ മണി നിലവിലുള്ളതിന്റെ ഇരട്ടിയാക്കിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.