Skip to main content
കൊച്ചി

k krishnankuttyമുൻ എം.എൽ.എ കെ.കൃഷ്ണൻകുട്ടി മാതൃസംഘടനയായ ജനതാദൾ (സെക്കുലര്‍) പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നത് സംഘടനയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ തുടരുന്നു. പ്രശ്നപരിഹാരാര്‍ത്ഥം പാർട്ടി അഖിലേന്ത്യാ സെക്രട്ടറി ജനറൽ വിളിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി. തോമസ്സ് എം.എൽ.എ പങ്കെടുക്കുന്നില്ലെന്നാണറിയുന്നത്. നവംബര്‍ 24 ഞായറാഴ്ചയാണ് ഡാനിഷ് അലി ചർച്ചയ്ക്കായി കൊച്ചിയിലെത്തുന്നത്. ഞായറാഴ്ച നടക്കുന്ന ചർച്ചയിൽ കൃഷ്ണൻകുട്ടിക്കു പുറമേ സി.കെ.നാണു, ജോസ് തെറ്റയിൽ പ്രേംനാഥ് തുടങ്ങിയവരാണ്   പങ്കെടുക്കുക.

 

കൃഷ്ണൻകുട്ടി വന്നാൽ തന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന ആശങ്കയാണ് മാത്യു ടി. തോമസ്സിനെ മാറിനിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. മാത്യു ടി. തോമസ്സിന്റെ ഈ നിലപാടിൽ ഒരു കാവ്യനീതി നിഴലിക്കുന്നത് കാണാം. ആ കാവ്യനീതിയിൽ ഇതുവരെ വ്യക്തിപരമായി ലാഭം വന്നിട്ടുള്ളത് മാത്യു ടി. തോമസ്സിനാണ്. വിദ്യാർഥി ജനതയിലേക്ക് അദ്ദേഹത്തെ  ആദ്യം കൈപിടിച്ചുയർത്തിയത് അദ്ദേഹത്തിന്റെ ആദ്യഗുരുവായ ഉമ്മൻ തലവടിയായിരുന്നു. ഉമ്മൻ തലവടിയും സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും തമ്മിൽ പാർട്ടിയിൽ ഉണ്ടായ അഭിപ്രായഭിന്നതയുണ്ടായപ്പോള്‍ രാഷ്ട്രീയഗുരുവിനെ തളളിപ്പറഞ്ഞാണ് മാത്യു ടി. തോമസ് അധികാര രാഷ്ട്രീയത്തില്‍ എത്തുന്നത്. 1987-ലെ തെരഞ്ഞെടുപ്പില്‍ ഉമ്മനെ ഒഴിവാക്കാൻ വേണ്ടി നിനച്ചിരിക്കാത്ത സമയത്ത് മാത്യു ടി. തോമസ്സിനെ വീരേന്ദ്രകുമാർ തിരുവല്ലയിൽ സ്ഥാനാർഥിയാക്കുകയായിരുന്നു. തന്റെ ദാനത്താൽ എം.എൽ.എ സ്ഥാനം ലഭിച്ചാൽ മന്ത്രിസഭാ രൂപീകരണം വരുമ്പോൾ തനിക്ക് അനുകൂലമായി നിൽക്കുമെന്നായിരുന്നു വീരേന്ദ്രകുമാർ കണക്കുകൂട്ടിയത്. ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചു. വീരേന്ദ്രകുമാർ മന്ത്രിയായി. 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിനു രാജിവെക്കേണ്ടിവന്നു. കാരണം മാത്യു ടി. തോമസ്സ് വീരേന്ദ്രകുമാറിനെ കൈവിട്ട് എൻ.എം ജോസഫിന് പിന്തുണ നൽകി.

 

തുടർന്നുള്ള തെരഞ്ഞെടുപ്പിൽ മാത്യു ടി. തോമസ്സ് പരാജയപ്പെട്ടു. അതിനുശേഷം രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം. വർഷങ്ങൾക്കുശേഷം വീണ്ടും അദ്ദേഹം വീരേന്ദ്രകുമാറുമായി രമ്യതയിലായി. അടുത്ത തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്നു ജയിച്ചു. അച്യുതാനന്ദൻ മന്ത്രിസഭയിൽ തന്റെ മകൻ എം.വി ശ്രേയംസ് കുമാറിന് അനുകൂലമായ നിലപാടെടുക്കുമെന്നായിരുന്നു വീരേന്ദ്രകൂമാർ പ്രതീക്ഷിച്ചത്. മുൻപുണ്ടായ തെറ്റിന് പ്രായശ്ചിത്തം കൂടി ചെയ്യണമെന്നുണ്ടെന്നു പറഞ്ഞാണത്രെ വീണ്ടും അദ്ദേഹം വീരേന്ദ്രകുമാറുമായി ചങ്ങാത്തത്തിലായതും മത്സരിച്ച് ജയിച്ചതും. മന്ത്രിസഭാ രൂപീകരണമായപ്പോൾ ശ്രേയംസിനെ മന്ത്രിയാക്കാതിരിക്കാൻ വേണ്ടി കൃഷ്ണൻകുട്ടി മന്ത്രിസ്ഥാനത്തേക്ക് മാത്യു ടി. തോമസ്സിന്റെ പേര് നിർദ്ദേശിച്ചു. അത് അവസരമാക്കി മാത്യു ടി. തോമസ്സ് മന്ത്രിയായി.

 

അന്നുമുതൽ വീരേന്ദ്രകുമാറുമായി തുടങ്ങിയ അസ്വാരസ്യമാണ് ഒടുവിൽ മാത്യു ടി. തോമസ്സിന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയിൽ കലാശിച്ചത്.  പിന്നീട് പാർട്ടി പിളർന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം യു.ഡി.എഫിലേക്ക് കുടിയേറി. ഒടുവിൽ കൃഷ്ണൻകുട്ടിയും പ്രേംനാഥുമടങ്ങുന്ന വിഭാഗം പുറത്ത്. തുടർന്നാണ് വീണ്ടും ജനതാദൾ (സെക്കുലര്‍) പാര്‍ട്ടിയിലേക്ക് കൃഷ്ണൻകുട്ടിയും കൂട്ടരും മടങ്ങിവരാൻ പോകുന്നത്. അപ്പോൾ താൻ മന്ത്രിയാവാൻ കാരണക്കാരനായ കൃഷ്ണന്‍കുട്ടി മടങ്ങിവരുന്നതിനെ എതിർത്തുകൊണ്ട് മാത്യു ടി തോമസ് നിലപാടെടുക്കുന്നു.