Skip to main content
തിരുവനന്തപുരം

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന 'ഷീ ടാക്‌സി'ക്ക് ആവേശകരമായ തുടക്കം. കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. എം.കെ.മുനീറും നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരും ചേര്‍ന്ന് ഷീ ടാക്‌സി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുതിയ വാഹനങ്ങളില്‍ സഞ്ചരിച്ചു. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കുന്ന ഈ നൂതന പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യരെ മന്ത്രി ഡോ. മുനീര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

ആനി സുരേന്ദ്രന്‍, ജയ്‌സി രമേഷ്, റസിയ ബീഗം നൗഷാദ്, ഹീര പി, ആശാകുമാരി എന്നീ ഡ്രൈവര്‍മാരാണ് ആദ്യമായി നിരത്തിലിറങ്ങുന്ന ഷീ ടാക്‌സിയുടെ സാരഥിമാര്‍. ഷീ ടാക്‌സിയുടെ സേവനം ആവശ്യമുള്ളവര്‍ 8590000543 എന്ന മൊബൈല്‍ നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഷീ ടാക്‌സി കൊണ്ടുമാത്രം സ്ത്രീ സുരക്ഷ പൂര്‍ണമാകില്ലെന്നും തുടര്‍ന്നു നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയാണ് ഇതെന്നും മന്ത്രി മുനീര്‍ പറഞ്ഞു. 'ഷീ ടാക്‌സി'യെ കേരളം 'വീ ടാക്‌സി'യായി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വിഭാഗത്തിന് ജീവിതമാര്‍ഗവും മറ്റൊരു വിഭാഗത്തിന് സുരക്ഷയും ഉറപ്പാക്കുന്ന സംരംഭമാണ് ഷീ ടാക്‌സിയെന്ന് മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടി.  കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് ആവര്‍ ആവശ്യപ്പെട്ടു.

 

പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവുന്നതോടെ 'ഷീ ടാക്സി' ഏതു സമയത്തും മൊബൈലിലൂടെയോ ഓണലൈനിലൂടെയോ ബുക്ക്‌ ചെയ്യാനാവും.ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തിനുള്ളിലുണ്ട്.വനിതാ ഡ്രൈവര്‍മാരുടെ മൊബൈലില്‍ സുരക്ഷാ മുന്നറിയിപ്പിനുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഉണ്ടാവും. ജി.പി.എസ് വഴി കണ്‍ട്രോള്‍ റൂമില്‍ നിന്ന്‍ ടാക്സിയെ നിരീക്ഷിക്കുകയും ചെയ്യും. നഗരത്തിലെ എല്ലാ അത്യാഹിത സേവന വിഭാഗങ്ങളുടെയും പൊതു സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കും.

 

കെ.മുരളീധരന്‍ എം.എല്‍.എ കോള്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഗുണഭോക്താക്കള്‍ക്കുള്ള വാഹനങ്ങളുടെ താക്കോലുകള്‍ മഞ്ജു വാര്യര്‍ വിതരണം ചെയ്തു. ഷീ ടാക്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റും ലോഗോയും ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ്  പുറത്തിറക്കി.