ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമാനുമതി. കേന്ദ്ര വനം- പരിസഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് അന്തിമാനുമതി നല്‍കികൊണ്ട് ഉത്തരവിറക്കിയത്. തിങ്കളാഴ്ചയാണ് മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് പദ്ധതിക്ക് അന്തിമാനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ ഉപാധികളെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. ഇതിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വൈകാതെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. 2000 കോടി രൂപയുടേതാണ് പദ്ധതി. പാരിസ്ഥിതിക, നിയമ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആറന്‍മുള വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളും വിവിധ പരിസ്ഥിതി സംഘടനകളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് വിമാനത്താവളത്തിന് അനുമതി നല്‍കിക്കൊണ്ട് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ആറന്മുളയില്‍ പരിസ്ഥിതി പഠനം നടത്താതെയാണ് വിമാനത്താവളത്തില്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളതെന്ന് സി.പി.ഐ.എം പ്രതികരിച്ചു. അതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സി.പി.ഐ.എം അറിയിച്ചു. ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.
