Skip to main content
കൊല്ലം

biju radhakrishnanഭാര്യ രശ്മിയുടെ ദുരൂഹമരണത്തെ തുടര്‍ന്നുള്ള കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെതിരെ മകന്‍ മൊഴി നല്‍കി. സാക്ഷി വിസ്താരത്തിനിടെ തന്റെ അമ്മയെ കൊലപ്പെടുത്തിയത് അയാളാണെന്ന് കുട്ടി മൊഴി നല്‍കി. അമ്മയെ കൊന്നയാളെ അച്ഛന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് 11-കാരനായ കുട്ടി കോടതിയില്‍ പറഞ്ഞു. രശ്മി മരിച്ച ദിവസം നടന്ന കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിക്കുകയായിരുന്നു കുട്ടി.

 

അമ്മ രശ്മിയെ പലതവണ മര്‍ദ്ദിക്കുന്നതും ബ്രൗണ്‍ നിറത്തിലുള്ള ദ്രാവകം നിര്‍ബന്ധിപ്പിച്ച്‌ കുടിപ്പിക്കുന്നതും കണ്ടുവെന്ന് കുട്ടി പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് അമ്മയുടെ മൂക്കില്‍ നിന്ന് രക്തം വന്നതായും കുട്ടി പറഞ്ഞു. മര്‍ദ്ദിച്ചശേഷം കുളിമുറിയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായും പിറ്റേന്ന് രാവിലെ അമ്മയുടെ ശരീരം മരിച്ച നിലയില്‍ കുളിമുറിയിലാണ് കണ്ടതായും കുട്ടി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മൂന്നര വയസ്സുണ്ടായിരുന്ന കുട്ടി മാത്രമാണ് കേസിലെ ഏക ദൃക്സാക്ഷി.

 

കൊല്ലം കുളക്കടയില്‍ ബിജുവിന്റെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിന് രാത്രിയിലാണ് രശ്മിയുടെ മരണം സംഭവിച്ചത്. അമിതമായി മദ്യം ഉള്ളില്‍ ചെന്നതായി  പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭാര്യ രശ്മിയെ ബിജു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കുളിമുറിയിലെത്തെിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസ് കേസ്. ബിജുവിന്റെ അമ്മ രാജാമ്മാള്‍ കേസില്‍ രണ്ടാം പ്രതിയാണ്. കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്കു പുറമെ മകനെ മര്‍ദിച്ചതിനും ബിജുവിനെതിരെ കേസുണ്ട്. 

 

അതിനിടെ, താനുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബിജു രാധാകൃഷ്ണന്‍ പ്രതികരിക്കുന്നത് തന്റെ അറിവോടെയല്ലെന്നും സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജു പറഞ്ഞതെല്ലാം കളവാണെന്നും ബിജുവിനെ തന്റെ ലോക്കല്‍ ഗാര്‍ഡിയനായി നിയമിച്ചിട്ടില്ലെന്നും സരിത പറഞ്ഞു. കഴിഞ്ഞ ദിവസം ആലുവ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ സരിതയുമായി സരിതയുമായി ബന്ധമുളള മൂന്നു മന്ത്രിമാരുടെ പേരുകള്‍ ബിജു വെളിപ്പെടുത്തിയിരുന്നു. കേസില്‍ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിതയുടെ മറുപടി.