Skip to main content
പാലക്കാട്

santiago martinവിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന് ലോട്ടറി വില്‍പ്പനയ്ക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് അറിയിച്ചു. ഉദ്യോഗസ്ഥതലത്തില്‍ വന്ന പിഴവാണ് ഇതിന് കാരണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഈ മാസം 20-ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

 

മാര്‍ട്ടിന്റെ ഭാര്യ ഭാര്യ ലീമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പേപ്പര്‍ ലോട്ടറി വില്പന നടത്താനാണ് നഗരസഭ ആരോഗ്യവിഭാഗം അനുമതി നല്‍കിയത്. മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയ്‌മിംഗ് സൊല്യൂഷന്‍സ്‌ എന്ന സ്ഥാപനത്തിന്റെ പേരില്‍ അടുത്ത വർഷം മാർച്ച് 31 വരെ നാഗാ സൂപ്പർ ലോട്ടറി വില്പന നടത്താനായിരുന്നു ലൈസന്‍സ്. സ്ഥാപനത്തിന്റെ ഡയറക്ടർമാരിലോരാളായ കോയമ്പത്തൂര്‍ സ്വദേശി നടരാജന്‍ നൽകിയ അപേക്ഷയിലാണ് കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന്‌ ലൈസന്‍സ്‌ നല്‍കിയത്‌. 

 

സിക്കിം- ഭൂട്ടാന്‍ ലോട്ടറി വില്‍പനയുടെ മറവില്‍ കേരളത്തില്‍ നിന്ന് 5000 കോടി രൂപയിലേറെ മാര്‍ട്ടിന്‍ വെട്ടിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാര്‍ട്ടിനെതിരെ നടപടിയെടുത്തിരുന്നു. അന്ന്‍ വ്യാജ ലോട്ടറി ടിക്കറ്റ് റെയ്ഡുകള്‍ തുടങ്ങിയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച ലോട്ടറി ഓഫീസ് നിന്ന കെട്ടിടത്തില്‍ തന്നെയാണ് പുതിയ സ്ഥാപനം.