Skip to main content
കൊച്ചി

mk sanuമലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

 

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

 

സാഹിത്യ നിരൂപകന്‍ എന്നതിനൊപ്പം പ്രഭാഷകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളിലും മലയാള സാംസ്കാരിക മണ്ഡലത്തിലെ സാന്നിധ്യമാണ് സാനു മാസ്റ്റര്‍. ജീവചരിത്രം, കുട്ടികളുടെ സാഹിത്യം, നിരൂപണം, യാത്രാവിവരണം, ഓര്‍മക്കുറിപ്പുകള്‍, വിവര്‍ത്തനം, പ്രബന്ധം, വ്യാഖ്യാനം എന്നീ സാഹിത്യശാഖകളിലായി 40-ല്‍ അധികം കൃതികള്‍ രചിച്ച അദ്ദേഹം  ‘കര്‍മഗതി’ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന സാനു മാസ്റ്റര്‍  1983-ല്‍  വിരമിച്ചതിന് ശേഷം സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായി.

 

1984-ല്‍ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1987-ല്‍ എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്ന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. ശ്രീനാരായണ സ്റ്റഡി സെന്ററിന്റെ ഡയറക്ടര്‍, കുങ്കുമം വാരികയുടെ ചീഫ് എഡിറ്റര്‍, മഹാത്മഗാന്ധി സര്‍വകലാശാലയിലെ ശ്രീനാരായണ ചെയറിന്റെ അധ്യക്ഷന്‍, വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

 

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയില്‍ നിന്ന്‍ നിരൂപണത്തിനുള്ള അവാര്‍ഡ്, മലയാള സാഹിത്യത്തിന് സമഗ്ര സംഭാവനക്കുള്ള സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം എന്നിവ ലഭിച്ചു. എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പ്രമുഖ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.