Skip to main content
കൊച്ചി

sailm rajമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ജസ്റ്റിസ്‌ ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു. തട്ടിപ്പിന് ഇരയായവരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ശനിയാഴ്ച സന്ദർശിക്കും.

 

അന്വേഷണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു. പത്തു ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ആറു മാസത്തെ സാവകാശം ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല.

 

കടകംപള്ളി വില്ലേജിലെ 12.27 ഏക്കര്‍ ഭൂമി സലിം രാജും മറ്റും തട്ടിയെടുത്തെന്ന്‌ ആരോപിച്ച്‌ പ്രേംചന്ദ്‌ ആര്‍. നായരും മറ്റുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കടകംപള്ളിയിലേത് 200 കോടി രൂപയുടെ തട്ടിപ്പ് എന്നത് പ്രാഥമിക കണക്ക് മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സെന്റിന് 50,000 രൂപ വിലയാണ് രജിസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. കേരളത്തില്‍ ഒരിടത്തും ഇത്രയും കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിക്കില്ല. സെന്റിന് അഞ്ചു ലക്ഷം രൂപയെങ്കിലും മതിപ്പുവില വരുന്ന ഭൂമിയാണിത്.

 

സലിം രാജ് തട്ടിയെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയുടെ ഉടമകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കടകംപള്ളിയിലെത്തുന്നത്. ഭൂമി തട്ടിപ്പിനിരയായവരുമായി വി.എസ് ചര്‍ച്ച നടത്തും.