Skip to main content
കണ്ണൂര്‍

K Raghavan Masterഅതുല്യ സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.20ന് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം തലശേരിയിലെ മാസ്റ്ററുടെ വീടായ 'ശരവണ'ത്തിൽ എത്തിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു തലശേരി തലായിയിലെ ശ്മശാനത്തില്‍ പൂര്‍ണ സംസ്‌ഥാന ബഹുമതികളോടെ സംസ്കാരം. ഇന്ന്‍ (ശനിയാഴ്ച) തലശേരി ബി.എം.പി സ്കൂളിലും ഞായറാഴ്ച തലശേരി ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

 

നാടന്‍ ശീലുകളുടെ ചാരുത ചലച്ചിത്ര ഗാനങ്ങളിലേക്ക് വിളക്കിച്ചേര്‍ക്കുന്നതില്‍ സവിശേഷ മികവ് പ്രകടിപ്പിച്ച രാഘവന്‍ മാസ്റ്റര്‍ 63 ചലച്ചിത്രങ്ങളിലായി 400-ല്‍ പരം ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1954-ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലെ ഗാനങ്ങളിലൂടെ സംഗീത സംവിധാനത്തില്‍ മായമുദ്ര പതിപ്പിച്ച മാസ്റ്റര്‍ വൈകാതെ ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ് എന്നിവര്‍ക്കൊപ്പം മലയാള ചലച്ചിത്ര ഗാനശാഖയുടെ പുഷ്കല കാലത്തിന്റെ അമരക്കാരില്‍ ഒരാളായി.

 

1951-ൽ പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെയാണ് രാഘവന്‍ മാസ്റ്ററുടെ ഈണം മലയാളി അനുവാചകരുടെ കാതുകളില്‍ ആദ്യമായെത്തിയത്. മലയാളി മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ നീലക്കുയിലിലെ 'കായലരികത്തു വലയെറിഞ്ഞപ്പോള്‍', 'എല്ലാരും ചൊല്ലണ്' എന്നീ ഗാനങ്ങള്‍ മാസ്റ്ററുടെ പ്രതിഭ വെളിപ്പെടുത്തിയതോടൊപ്പം ചലച്ചിത്ര ഗാനചരിത്രത്തിലെ നാഴികക്കല്ലുകളായി മാറി. 'ശ്യാമ സുന്ദര പുഷ്പമേ', 'കാക്ക കൊത്തിപ്പോയ കസ്തൂരി മാമ്പഴം',​'നാളികേരത്തിന്റെ നാട്ടിലിന്നെനിക്ക് നാഴിയിടങ്ങഴി മണ്ണുണ്ട്', 'കരിമുകില്‍ കാട്ടിലെ', 'മഞ്‌ജുഭാഷിണി' തുടങ്ങിയ ഗാനങ്ങളും മലയാളികൾക്ക് ഇന്നും അനുഭൂതിയുണര്‍ത്തുന്നവയാണ്. ലളിതഗാന ശാഖയിലും മാസ്റ്ററുടെ സംഭാവനകള്‍ ഓര്‍മ്മിക്കപ്പെടുന്നവയാണ്.

 

1973-ല്‍ നിര്‍മാല്യത്തിലൂടെ മികച്ച സംഗീത സംവിധാനത്തിനുള്ള ആദ്യ സംസ്ഥാന പുരസ്കാരം ലഭിച്ചു. 1977-ലും അദ്ദേഹം ഈ ബഹുമതി നേടി. .1981-ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 1997-ല്‍ ജെ.സി. ഡാനിയേല്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2010-ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം രാഘവന്‍ മാസ്റ്ററെ ആദരിച്ചു.