Skip to main content
തൃശൂർ

paul zacharia and veerendrakumar

 

കേരള സാഹിത്യ അക്കാദമിയുടെ 2012-ലെ  വിശിഷ്ടാംഗത്വം കഥാകൃത്ത് സക്കറിയയ്ക്കും എഴുത്തുകാരനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം..പി. വീരേന്ദ്രകുമാറിനും. സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ പുരസ്കാരത്തിന് കെ.എം. ഗോവി,  പ്രൊഫ. കെ.പി. ശങ്കരൻ, കരൂർ ശശി, ജി. പ്രിയദർശനൻ എന്നിവരും  2012-ലെ വിലാസിനി പുരസ്കാരത്തിന് ഐ. ഷൺമുഖദാസും അർഹരായതായി അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അറിയിച്ചു.

50000 രൂപയും രണ്ടുപവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമടങ്ങിയതാണ് വിശിഷ്ടാംഗത്വം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും സമഗ്രസംഭാവനയ്ക്ക്  ലഭിക്കും.  50,000 രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് വിലാസിനി പുരസ്കാരം. വെള്ളിയാഴ്ച ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പുരസ്കാരങ്ങൾ തീരുമാനിച്ചത്. പുരസ്കാരം സമ്മാനിക്കുന്ന  തീയതി പിന്നീട് അറിയിക്കും.

 

ഭാഷയെ നവീകരിക്കുകയും പുതിയ ഭാവുകത്വം സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാര്‍ എന്ന നിലയ്ക്കാണ് വീരേന്ദ്രകുമാറിനെയും സക്കറിയയെയും വിശിഷ്ടാംഗത്വത്തിന് തിരഞ്ഞെടുത്തതെന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. സക്കറിയയ്ക്കും എം.പി. വീരേന്ദ്രകുമാറിനനും മുന്‍പ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇരുവരും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാക്കളുമാണ്.

 

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നല്‍കിയ അൻപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്രസംഭാവന പുരസ്കാരത്തിന് പരിഗണിച്ചത്. കെ.എം. ഗോവി ലൈബ്രറി സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മലയാളത്തില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു സുവർണരേഖകൾ, കുമാരനാശാന്റെ മുഖപ്രസംഗങ്ങൾ, ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ, പ്രജാസഭാ പ്രസംഗങ്ങൾ തുടങ്ങിയ കൃതികളുടെ രചയിതാവാണ് ജി. പ്രിയദർശനൻ.  1992 മുതൽ 1995 വരെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റായിരുന്നു. സാഹിത്യവിമർശകനും അദ്ധ്യാപകനുമായ കെ.പി. ശങ്കരൻ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കരൂർ ശശി കവിയും  നോവലിസ്റ്റുമാണ്. 

 

അരുന്ധതി റോയിയുടെ ഗോഡ് ഒഫ് സ്മോൾ തിംഗ്സ് എന്ന നോവലിനെ കുറിച്ച്  സാഹിത്യ-സിനിമാ നിരൂപകനായ ഐ. ഷൺമുഖദാസ്  രചിച്ച ശരീരം, നദി, നക്ഷത്രം എന്ന  സമഗ്രപഠനത്തിനാണ് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന വിലാസിനി പുരസ്കാരം.